ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരായ റിവ്യൂ നഷ്ടമാക്കിയ തീരുമാനത്തില്‍ പശ്ചാത്തപിച്ച് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുല്‍. തന്നെ ഔട്ട് വിളിച്ച തീരുമാനം റിവ്യൂ ചെയ്തത് തെറ്റായെന്ന് ഇപ്പോൾ മനസിലാവും, എന്നാൽ ക്രീസിലായിരുന്നപ്പോൾ മറിച്ചാണ് തോന്നിയതെന്നും താരം പറഞ്ഞു.
ഇന്ത്യൻ ഇന്നിങ്സിന്റെ ഇരുപതാം ഓവർ എറിയാനെത്തിയ റാഷിദ് ഖാൻ രാഹുലിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മറിച്ചൊന്ന് ചിന്തിക്കാതെ രാഹുൽ റിവ്യൂവിന് അവശ്യപ്പെട്ടു. എന്നാൽ ഫീൾഡ് അമ്പയറിന്റെ തീരുമാനം ശരിയായിരുന്നെന്നാണ് തേർഡ് അമ്പയർ വിതിച്ചത്. ഇന്ത്യയുടെ കൈവശം അവശേഷിച്ച ഏക റിവ്യൂവും രാഹുൽ പാഴാക്കി.
രാഹുലിന്റെ വാക്കുകൾ ഇങ്ങനെ; “പന്ത് ലൈനിന് പുറത്താണ് പിച്ച് ചെയ്തത് എന്ന ധാരണയിലാണ് റിവ്യൂവിന് പോയത്. പലപ്പോഴും ഗ്യാലറിയിലിരുന്ന് തീരുമാനങ്ങളെ റിവ്യൂ ചെയ്യാന്‍ സാധിക്കും. എന്നാൽ ഗ്രൗണ്ടില്‍ നില്ക്കുമ്പോള് അത് പറ്റില്ല. എങ്കിലും ഇനി റിവ്യൂ ചെയ്യുമ്പോൾ കൂടുതല്‍ കരുതലെടുക്കും. ഇതിൽ നിന്നൊക്കെ നാം പഠിക്കുകയാണല്ലോ. ഇനി ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കൂടുതല്‍ വ്യക്തതയോടെ എനിക്ക് തീരുമാനമെടുക്കാനാവും.”
അവശേഷിച്ച റിവ്യൂ രാഹുല്‍ നഷ്ടമാക്കിയതോടെ ദിനേശ് കാര്‍ത്തിക്കിന്റെയും എം.എസ്.ധോണിയുടെയും എല്‍ബിഡബ്ല്യു തീരുമാനങ്ങള്‍ റിവ്യു ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയായിരുന്നു ഇരുവരും പുറത്തായത്. വിജയപ്രതീക്ഷ നൽകി ക്രീസിൽ നിലയുറപ്പിക്കവേയാണ് ഇരുവരും പുറത്താകുന്നത്.