2022 ടി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് പുതിയ ടീമുണ്ടായേക്കുമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന ലോകകപ്പിന് മുന്നോടിയായി വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങി മുതിർന്ന കളിക്കാരുടെ ജോലിഭാരം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കും ഇത്. അങ്ങനെയെങ്കിൽ കോഹ്ലിയും രോഹിത്തും ടി20യിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഇത് അവസാനത്തേതാകും.
“ഈ ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് ഒരു പുതിയ ടീം ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. 2007 ലേതുപോലെ. അന്നത്തെ ടീമിൽ സച്ചിനോ ദ്രാവിഡിനോ ഗാംഗുലിക്കോ സ്ഥാനമുണ്ടായിരുന്നില്ല. ധോണി നയിച്ച ടീം എന്നിട്ടും ആ പരമ്പര വിജയിച്ചു. അതുതന്നെ വീണ്ടും സംഭവിക്കാം. ഈ കളിക്കാർ വേണ്ടത്ര മികവ് പുലർത്തുന്നില്ലയെന്നല്ല, മറിച്ച് മറ്റ് രണ്ട് ഫോർമാറ്റുകൾക്ക് അവർ കൂടിയേ തീരൂ. പ്രത്യേകിച്ചും അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അതവരിൽ
അമിതഭാരമായേക്കും,” മുംബൈ പ്രസ് ക്ലബിൽ നടന്ന സംവാദത്തിൽ ശാസ്ത്രി പറഞ്ഞു.
ടി20 ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ത്യ ഫീൽഡിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും, അതിനായ് ടീ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇന്ത്യ അടിമുടി അഴിച്ചുപണിനടത്തേണ്ടത് ഫീൽഡിങ്ങിലാണ്, പ്രത്യേകിച്ചും പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ. അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ആ മൈതാനത്ത് കാഴ്ചവയ്ക്കേണ്ടത് അനിവാര്യതയാണ്.” ശാസ്ത്രി പറഞ്ഞു.
“നിങ്ങൾ സേവ് ചെയ്യുന്ന 15-20 റൺസിന് കളിയുടെ ഗതിയെ തന്നെ മാറ്റിമറിക്കാൻ കഴിയും. അല്ലാത്തപക്ഷം നിങ്ങൾ ബാറ്റ് ചെയ്ത് ഇതേ 15-20 റൺസ് അധികമായി നേടേണ്ടിവരും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾ ഫീൽഡിങ്ങിൽ വളരെ മികച്ചുനിൽക്കുന്നവരാണ്. ഏഷ്യാ കപ്പിൽ ഫീൽഡിങ്ങിലൂടെ ശ്രീലങ്ക ചെയ്തത് നോക്കൂ. ഫീൽഡിങ് മികവ് ഒന്നുകൊണ്ട് മാത്രമാണ് പാക്കിസ്ഥാനെതിരായ ആ മത്സരത്തിൽ അവർ ജയിച്ചത്,” ശാസ്ത്രി പറഞ്ഞു.
ഇന്ത്യയുടെ നിലവാരത്തകർച്ച ആശങ്കാജനകമാണെന്നും എതിർ ടീമിനെ 200 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ അനുവദിച്ചതിന് ഫീൽഡർമാർ ഭാഗികമായി ഉത്തരവാദികളാണെന്നും ശാസ്ത്രി പറഞ്ഞു.
“ഫിറ്റ്നസിന് പ്രാധാന്യം നൽകുന്നത് കളിയിൽ വളരെ നിർണായകമാണ്. മുൻപ് ഞങ്ങൾക്ക് യോ-യോ ടെസ്റ്റ് ഉണ്ടായിരുന്നു. ഒരുപാടുപേർ അവയെ പരിഹസിച്ചു. എന്നാൽ ഈ ടെസ്റ്റുകൾ ഒരിക്കലും കളിക്കാരുടെ സെലക്ഷനു വേണ്ടിയായിരുന്നില്ല, അവർക്കിടയിൽ തങ്ങളുടെ ഫിറ്റ്നസിനെ പറ്റി ഒരു അവബോധം സൃഷ്ടിക്കുകയായിരുന്നു ഇവയുടെ ലക്ഷ്യം. അതവർ കളിക്കുന്ന രീതിയിൽ മാത്രമല്ല, മൈതാനത്ത് നിൽക്കുന്ന, ഫീൽഡ് ചെയ്യുന്ന രീതികളിലും വലിയ മാറ്റമുണ്ടാക്കാൻ സഹായിക്കും. ഈ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ എതിർ ടീമിനെ എത്ര തവണ 200 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ അനുവദിച്ചുവെന്നുമാത്രം നോക്കിയാൽ മതി. പൊതുവെ ആളുകൾ അതിന് ബോളിങ്ങിനെ പഴിക്കും, പക്ഷേ അത് ഫീൽഡിങ്ങിലെ പിഴവുകൂടിയാണ്.” അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 16 നാണ് ടി20 ലോകകപ്പ് തുടങ്ങുക. ഒക്ടോബർ 23ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.