scorecardresearch

‘ആ ദിവസത്തെ കുറിച്ച് ഓര്‍ത്താല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല’; ഇന്ത്യ – പാക് മത്സരത്തെ കുറിച്ച് കപില്‍ ദേവ്

ക്രിക്കറ്റ് ആരാധകര്‍ മറക്കാനിടയില്ലാത്ത മത്സരങ്ങളില്‍ ഒന്നാണ് 1986 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം

‘ആ ദിവസത്തെ കുറിച്ച് ഓര്‍ത്താല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല’; ഇന്ത്യ – പാക് മത്സരത്തെ കുറിച്ച് കപില്‍ ദേവ്

ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുടീമുകളും നേര്‍ക്ക് നേര്‍ വരുന്ന മത്സരങ്ങളില്‍ ഗാലറികള്‍ നിറഞ്ഞ നില്‍ക്കുമെന്നതില്‍ സംശയം വേണ്ട, അത്രത്തോളം ആരാധക ശ്രദ്ധ നേടുന്ന മത്സരമാകും അതെന്നത് തീര്‍ച്ചയാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം നിലവില്‍ നിര്‍ത്തിയിരിക്കുകയാണെങ്കിലും, ഇരു ടീമുകളും തമ്മിലുള്ള അവിസ്മരണീയമായ പോരാട്ടങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. വിജയത്തിന്റെ കാര്യത്തില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍, ആകെ കണക്കുകളില്‍ പാകിസ്ഥാനാണ് മുന്നില്‍.

ക്രിക്കറ്റ് ആരാധകര്‍ മറക്കാനിടയില്ലാത്ത മത്സരങ്ങളില്‍ ഒന്നാണ് 1986 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം. മത്സരത്തില്‍ ഇന്ത്യന്‍ നിരയെ നയിച്ച കപില്‍ ദേവ് മനസ് തുറക്കുകയാണ്. സ്റ്റാര്‍ സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ മത്സരത്തെ കുറിച്ച് ഓര്‍ത്താല്‍ ഉറങ്ങാന്‍ കഴിയില്ലെന്നാണ് കപില്‍ ദേവ് പറഞ്ഞത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 95 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറുടെയും 75 റണ്‍സ് നേടിയ ക്രിസ് ശ്രീകാന്തിന്റെയും 50 റണ്‍സ് നേടിയ ദിലിപ് വെങ്‌സര്‍ക്കാറിന്റെയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങില്‍ 114 പന്തില്‍ 116 റണ്‍സ് നേടിയ ജാവേദ് മിയാന്‍ദാദിന്റെ മികവില്‍ അവസാന പന്തില്‍ ബൗണ്ടറി നേടികൊണ്ട് പാകിസ്ഥാന്‍ വിജയം നേടുകയായിരുന്നു. ചേതന്‍ ശര്‍മ്മയുടെ അവസാന പന്തില്‍ നാല് റണ്‍സ് വേണ്ടിയിരിക്കെ ജാവേദ് മിയാന്‍ദാദ് ഒരു സിക്സര്‍ പറത്തിയതാണ് ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞത്.

‘മത്സരത്തിന്റെ അവസാന ഓവറില്‍ പ്രതിരോധിക്കാന്‍ 12-13 റണ്‍സ് വേണമെന്നാണ് ഞങ്ങള്‍ കരുതിയത്. അത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. അക്കാലത്ത് അത് മിക്കവാറും അസാധ്യമായിരുന്നു. അവസാന ഓവര്‍ ഞങ്ങള്‍ ചേതന്‍ ശര്‍മ്മയ്ക്കാണ് നല്‍കിയത്. ആ ഓവര്‍ അവന് കൈമാറിയത് തെറ്റാണെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നില്ല. അവസാന പന്തില്‍ അവര്‍ക്ക് വേണ്ടിയിരുന്നത് നാല് റണ്‍സായിരുന്നു, ഒരു ലോ യോര്‍ക്കര്‍ തന്നെ എറിയണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവിടെ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഞങ്ങള്‍ എല്ലാവരും പരമാവധി ശ്രമിച്ചു. പക്ഷെ അതൊരു ലോ ഫുള്‍ ടോസായി മാറി. മിയാന്‍ദാദ് തെറ്റൊന്നും കൂടാതെ ബൗണ്ടറിനേടുകയും ചെയ്തു’. ആ ദിവസത്തെ കുറിച്ച് ഓര്‍ത്താല്‍ ഇപ്പോഴും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. ആ തോല്‍വി അടുത്ത നാല് വര്‍ഷത്തേക്ക് ടീമിന്റെ ആത്മവിശ്വാസം തകര്‍ത്തു, അടുത്ത നാല് വര്‍ഷത്തേക്ക് അവിടെ നിന്ന് ഒരു തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടായിരുന്നു. കപില്‍ ദേവ് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: I remember that today i can t sleep kapil dev