ദക്ഷിണാഫ്രിക്കയിൽനിന്നും മടങ്ങുമ്പോൾ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ സെഞ്ചൂറിയനിലെ ടി ട്വന്റി മൽസരം ഒരിക്കലും മറക്കില്ല. തന്നെ നിലംതൊടാതെ പായിച്ച ക്ലാസനെയും ചാഹൽ മറക്കില്ല. ചാഹലിനെ തലങ്ങും വിലങ്ങുമാണ് ക്ലാസൻ അടിച്ചത്. രണ്ട് ഫോറും അഞ്ച് സിക്സറുകളും നേടിയ ക്ലാസന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് അടിത്തറയിട്ടത്.
ചാഹലിന്റെ ആദ്യ ഓവറില്‍ ഒരു സിക്സ്. രണ്ടാം ഓവറില്‍ രണ്ട് സിക്സ്. മൂന്നാം ഓവറില്‍ മൂന്നുസിക്സും ഒരു ഫോറും. ചാഹലിന്റെ 12 പന്തുകൾ നേരിട്ട ക്ലാസന്റെ ഇന്നിങ്സ്. ചാഹൽ എറിഞ്ഞ 4 ഓവറിൽ 64 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ അടിച്ചു കൂട്ടിയത്. ഒരു വിക്കറ്റ് പോലും ചാഹലിന് വീഴ്ത്താനും സാധിച്ചില്ല. ഇന്ത്യന്‍ സ്പിന്നര്‍മാരായ ചാഹലും കുല്‍ദീപ് യാദവുമായിരുന്നു ഏകദിന പരമ്പരയിലുടനീളം ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് വെല്ലുവിളിയായത്. ഇതാണ് ക്ലാസൻ തകർത്തെറിഞ്ഞത്.
ചാഹലിനോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നായിരുന്നു മൽസരശേഷം നടന്ന അഭിമുഖത്തിൽ 26 കാരനാ ക്ലാസൻ പറഞ്ഞത്. ”അമേച്വര്‍ ക്രിക്കറ്റിലൂടെ കരിയറിന്റെ തുടക്ക സമയത്ത് നല്ല ലെഗ്സ്പിന്നര്‍മാരെ നേരിടേണ്ടി വന്നിരുന്നു. ലെഗ് സ്പിന്നർ ഷോണ്‍ വോണ്‍ ബെര്‍ഗിനെതിരെ പലതവണ കളിക്കേണ്ടി വന്നിട്ടുണ്ട്. ലെഗ് സ്പിന്നര്‍മാരുടെ കരിയര്‍ തന്നെ അവസാനിപ്പിക്കുന്നവനാണ് ഞാനെന്ന് സുഹൃത്തുക്കൾ തമാശയായി പറയാറുണ്ട്. ചിലപ്പോഴൊക്കെ അത് സംഭവിക്കാറുമുണ്ട്’.
ചാഹലിനെതിരെയുളള ആക്രമണം മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നുമല്ല. കഴിഞ്ഞ കളിയില്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നു. ആദ്യം 2 ബൗണ്ടറികൾ കിട്ടിയപ്പോൾ റൺ നേടാനുളള ഓവർ ഇതാണെന്ന് മനസ്സിലായി. അത് നല്ല രീതിയിൽ വിനിയോഗിച്ചു. ലെഗ് സ്പിന്നർമാരുടെ ബോളുകളിൽ കൂടുതൽ റൺസ് നേടാനാണ് ശ്രമിച്ചത്’ ക്ലാസൻ പറഞ്ഞു.