തന്റെ ക്രിക്കറ്റ് കരിയറിനെ പറ്റി കുട്ടികൾക്ക് മുന്നിൽ മനസ് തുറന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ടീം നായകൻ മഹേന്ദ്ര സിങ് ധോണി. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമേതെന്നും മികച്ച ക്രിക്കറ്ററാകാനുള്ള വഴിയൊരുക്കിയതാരെന്നും താരം കുട്ടികളായ സിറ്റിസൺ ജേർണലിസ്റ്റുകളോട് വെളിപ്പെടുത്തി.

“2011 ലോകകപ്പ് വിജയമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം. സ്വന്തം രാജ്യത്ത്, സ്വന്തം ആരാധകർക്ക് മുന്നിൽ ലോകകപ്പ് നേടാൻ സാധിച്ചത് ഭാഗ്യമാണ്. നാലോ അഞ്ചോ ഓവർ ബാക്കി നിൽക്കേയാണ് വിജയിക്കുന്നത്. ആരാധകർക്ക് ഇന്ത്യ വിജയിക്കാൻ പോവുകയാണെന്ന് മനസിലായതോടെ അവർ വന്ദേ മാതരം അടക്കം പല ഗാനങ്ങൾ പാടി. ആ നിമിഷത്തെ വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കില്ല”, ധോണി പറഞ്ഞു.

വിവാദം കത്തിപ്പടരുകയാണ്, ഇന്ത്യൻ ടീമിൽ നായക സ്ഥാനം ഒഴിഞ്ഞതോടെ ധോണി കളിയവസാനിപ്പിക്കണമെന്ന് ഒരു കൂട്ടർ. ധോണിയുടെ സാന്നിധ്യം ടീമിന് ആവശ്യമാണെന്ന് വേറൊരു കൂട്ടർ. താരം നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും നല്ല കളിക്കാരനുമാണെന്നും ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതോടെ വിവാദങ്ങൾ ഒരു വിധം തണുത്തിട്ടുണ്ട്.

താരം നന്നായി കളിക്കുന്നുവെന്ന അഭിപ്രായത്തിന്റെ കാരണം അദ്ദേഹം തന്നെയാണ് ഒരു അഭിമുഖത്തിൽ വിശദീകരിച്ചത്. പ്രായത്തിൽ മുതിർന്നവർക്കൊപ്പമാണ് താൻ ചെറുപ്പം മുതലേ കളിച്ചു തുടങ്ങിയതെന്നും അതിനാലാവും താൻ നല്ല കളിക്കാരനായതെന്നുമാണ് മുൻ ഇന്ത്യൻ നായകൻ പറഞ്ഞത്.

“ഞങ്ങൾ ഒരു കോളനിയിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഞങ്ങൾ മൂന്നോ നാലോ പേർ മാത്രമാണ് സമപ്രായക്കാരായി ഉണ്ടായിരുന്നത്. മറ്റെല്ലാവരും അഞ്ചും ആറും വയസ് മുതിർന്നവരായിരുന്നു. അവർക്ക് കൂടുതൽ കരുത്തും കളിയെ കുറിച്ച് കൂടുതൽ അറിവും ഉണ്ടായിരുന്നു. അതുകൊണ്ടാവും എനിക്ക് കൂടുതൽ നന്നായി കളിക്കാൻ സാധിക്കുന്നത്”, മുൻ ഇന്ത്യൻ നായകൻ വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ