ലണ്ടൻ: 2019-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധുരിക്കുന്ന ഓര്‍മ്മയല്ല. ഗ്രൂപ്പ് തലത്തില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തിയ ഇന്ത്യ സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റാണ് പുറത്തായത്. എന്നാൽ, ചിരവൈരികളായ പാക്കിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുന്നത് തടയിടാന്‍ ഗ്രൂപ്പ് തല മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റു എന്ന ആരോപണം അന്ന് ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്‌തിരുന്നു. ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് 2019 ലോകകപ്പിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഗ്രൂപ്പ് തല മത്സരം.
Read Also: ഇതു തന്നെയല്ലേ ക്രിക്കറ്റിന്റെ ‘ആത്മാവ്’; കോഹ്‌ലിക്ക് കയ്യടിച്ച് ഐസിസിയും
ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സിന്റെ ‘ഓൺ ഫയർ’ എന്ന പുസ്‌തകമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയം. 2019-ല്‍ ലോകകിരീടം നേടിയ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളുടേയും വിശകലനം അടങ്ങുന്നതാണ് പുസ്‌തകം.
പുസ്‌തകത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന നോക്കൗട്ട് മത്സരത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി മുന്‍ പാക് ബോളര്‍ സിക്കന്തര്‍ ഭക്ത് ഇന്ത്യക്കെതിരെ രംഗത്തെത്തി. പാക്കിസ്ഥാനെ ലോകകപ്പിൽ നിന്നു പുറത്താക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റുവെന്ന് ബെൻ സ്റ്റോക്‌സ് തന്റെ പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് മുൻ പാക് ബോളര്‍ ആരോപിച്ചത്.
ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നുവെങ്കില്‍ പോയിന്റ് അടിസ്ഥാനപ്പെടുത്തി പാകിസ്ഥാന്‍ സെമിയില്‍ കടക്കുമായിരുന്നു. എന്നാൽ, ജയിക്കാൻ യാതൊരു പരിശ്രമവും ഇന്ത്യൻ ബാറ്റ്‌സ്മാന്‍മാര്‍ നടത്തിയില്ലെന്ന് അന്നേ ആരോപണമുയർന്നിരുന്നു.

മുന്‍ പാക് ബോളര്‍ ഈ വിഷയം വീണ്ടും ഉന്നയിച്ചതോടെ ചര്‍ച്ചകള്‍ സജീവമായി. സ്റ്റോക്‌സിന്റെ പുസ്‌തകത്തിൽ എവിടെയാണ് ഇങ്ങനെ പറയുന്നത് എന്നാണ് പലരും ചോദിച്ചത്. ഒടുവിൽ ബെൻ സ്റ്റോക്‌സ് തന്നെ സിക്കന്തർ ഭക്തിന് മറുപടി നൽകി. ഇന്ത്യ മനഃപൂർവം തോറ്റുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്റ്റോക്‌സ് പറയുന്നു. ‘നിങ്ങള്‍ക്കത് കണ്ടുപിടിക്കാന്‍ സാധിക്കില്ല, കാരണം ഞാനങ്ങനെ പറഞ്ഞിട്ടില്ല. ഇതിനെ വാക്കുകള്‍ വളച്ചൊടിക്കുക എന്നു പറയും’, സ്റ്റോക്‌സ് ട്വീറ്റ് ചെയ്‌തു.
Read Also: ഇരട്ട സെഞ്ചുറി നേട്ടമല്ല; സച്ചിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് തിരഞ്ഞെടുത്ത് ഐസിസി
എങ്കിലും അന്നത്തെ മത്സരത്തെ കുറിച്ച് പുസ്‌തകത്തിൽ സ്റ്റോക്‌സ് ചില സംശയങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയത്. 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. ഈ റൗണ്ടില്‍ ഇന്ത്യയുടെ ഏകതോല്‍വി. ഒമ്പത് മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മറ്റൊരു മത്സരത്തിന് ഫലമുണ്ടായില്ല. 15 പോയിന്റുകളാണ് ഇന്ത്യ നേടിയിരുന്നത്.
അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ഉറപ്പാക്കിയ ഇന്ത്യയ്‌ക്ക് ആ മത്സരം പ്രധാനപ്പെട്ടത് ആയിരുന്നില്ല. ജയിക്കാൻ വേണ്ടി റിസ്‌ക് എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, ഇന്ത്യ ജയിക്കാൻ വേണ്ടി ശ്രമിച്ചില്ല എന്നാണ് സ്റ്റോക്‌സ് തന്റെ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്നത്.
മനസ്സുവച്ചാല്‍ ജയിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമായിരുന്നു സ്റ്റോക്‌സ് എഴുതി. “11 ഓവറില്‍ ഇന്ത്യയ്ക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്ന സാഹചര്യത്തില്‍ ധോണിയുടെ ബാറ്റിങ് ഏറെ വിചിത്രമായി തോന്നി. സിക്‌സറുകൾ നേടുന്നതിനേക്കാള്‍ സിംഗിളുകൾ സ്വന്തമാക്കാനാണ് ധോണി ശ്രമിച്ചത്.ധോണിയിൽ നിന്നോ അദ്ദേഹത്തിന്റെ പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ല.”
തങ്ങളെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രകടനവും ഇന്ത്യയുടെ ബാറ്റിങ് ഹീറോസ് ആയ കോഹ്‌ലിയിൽ നിന്നും രോഹിത് ശർമയിൽ നിന്നും കണ്ടില്ലെന്നും സ്റ്റോക്‌സ് പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കന്നി കിരീടം ചൂടിയത്.