മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2011 ലെ ലോകകിരീടം സ്വന്തമാക്കിയത് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത കാര്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനല്‍ ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉണ്ടാകും. 2011 ല്‍ ഇന്ത്യ ലോകകിരീടം സ്വന്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച താരമാണ് ഗൗതം ഗംഭീര്‍. സച്ചിനും സേവാഗും പുറത്തായപ്പോള്‍ തളരാതെ ബാറ്റ് വീശിയ വിജയശില്‍പ്പി. എന്നാല്‍, ലോകകപ്പ് ഫൈനലിലെ അര്‍ഹിക്കുന്ന സെഞ്ച്വറി ഗംഭീറിന് നഷ്ടമായത് വെറും മൂന്ന് റണ്‍സ് അകലെയായിരുന്നു.

ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ച് 97 റണ്‍സില്‍ പുറത്താകുമ്പോള്‍ ഗംഭീറിന് അത് വലിയ സങ്കടമായി. മൂന്ന് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ലോകകപ്പ് ഫൈനലിലെ സെഞ്ചുറിയെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നല്ലോ എന്നാണ് ഗംഭീര്‍ ചിന്തിച്ചിരുന്നത്. ഫൈനലില്‍ സെഞ്ചുറി നഷ്ടമാകാന്‍ അന്നത്തെ നായകനായ എം.എസ്.ധോണിയുടെ ഇടപെടല്‍ കാരണമായെന്നാണ് ഇപ്പോള്‍ ഗംഭീറിന്റെ വെളിപ്പെടുത്തല്‍.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് 2011 ലെ ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും പുറത്തായ ശേഷം ഗംഭീര്‍ വളരെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. നായകന്‍ എം.എസ്.ധോണിക്കൊപ്പം 109 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു ധോണി-ഗംഭീര്‍ കൂട്ടുക്കെട്ട്. ഒടുവില്‍ 42-ാമത്തെ ഓവറില്‍ തിസാര പെരേരയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ഗംഭീര്‍ മടങ്ങി. അപ്പോള്‍ ഗംഭീര്‍ സ്വന്തമാക്കിയിട്ടുണ്ടായിരുന്നത് 97 റണ്‍സാണ്. സെഞ്ചുറിക്ക് മൂന്ന് റണ്‍സ് കുറവ്!.

Read Also: തോൽവിയെ വിരാട് കോഹ്‌ലി ഭയപ്പെടുന്നില്ല; ഇന്ത്യൻ നായകന്റെ പ്ലസ് പോയിന്റിനെക്കുറിച്ച് ഗംഭീർ

ലോകകപ്പ് ഫൈനലിലെ സെഞ്ചുറി നഷ്ടത്തെ കുറിച്ച് താന്‍ പല ആവര്‍ത്തി ആലോചിച്ചു എന്ന് ഗംഭീര്‍ പറയുന്നു. ക്രീസില്‍ നില്‍ക്കുമ്പോള്‍ വ്യക്തിഗത സ്‌കോറിനെ പറ്റി ആലോചിച്ചിരുന്നില്ല എന്ന് ഗംഭീര്‍ പറയുന്നു. “ഞാന്‍ 97 റണ്‍സ് നേടി നില്‍ക്കുകയായിരുന്നു. ശ്രീലങ്കയെ തോല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു മനസില്‍. വ്യക്തിഗത നേട്ടത്തെ കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് ബാറ്റ് വീശിയത്. ആ സമയത്താണ് ധോണി എന്നോട് ഒരു കാര്യം പറയുന്നത്. 42 ഓവര്‍ പൂര്‍ത്തിയായി. ഞാനും ധോണിയുമാണ് ക്രീസിലുള്ളത്. ‘മൂന്ന് റണ്‍സ് കൂടി നേടൂ, സെഞ്ച്വറി സ്വന്തമാക്കൂ’ എന്ന് ധോണി എന്നോട് പറഞ്ഞു. അപ്പോഴാണ് വ്യക്തിഗത നേട്ടത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചത്. അങ്ങനെ ചിന്തിച്ചതാണ് 43-ാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം.” ഗംഭീർ പറയുന്നു.

Read Also: സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ ‘സൂപ്പര്‍ഹിറ്റ്’ സൗഹൃദം; കോടികള്‍ വിലമതിക്കുന്ന ‘ചിത്രം’ പങ്കുവച്ച് ലാലേട്ടൻ

“വ്യക്തിഗത സ്‌കോറിലേക്ക് ശ്രദ്ധ പോയപ്പോള്‍ വിക്കറ്റ് നഷ്ടമായി. അതുവരെ ടീം വിജയിക്കുന്നതിനെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചിരുന്നത്. ഒരുപക്ഷേ, ടീമിന്റെ വിജയം മാത്രം ചിന്തിച്ച് തുടര്‍ന്നും ബാറ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് വളരെ എളുപ്പത്തില്‍ ആ സെഞ്ച്വറി സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, അര്‍ഹിക്കുന്ന സെഞ്ച്വറി വെറും മൂന്ന് റണ്‍സ് അകലെ എനിക്ക് നഷ്ടമായി. ഈ മൂന്ന് റണ്‍സ് എന്നെ ഭാവിയില്‍ അസ്വസ്ഥനാക്കുമെന്നാണ് ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്. അത് പിന്നീട് യാഥാര്‍ഥ്യമായി. ഇപ്പോഴും എന്നോട് ആളുകള്‍ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ആ മൂന്ന് റണ്‍സ് നേടാന്‍ സാധിക്കാതെ പോയതെന്ന്” ഗംഭീര്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ 97 റണ്‍സ് നേടിയ ഗംഭീറാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. നായകന്‍ ധോണി 91 റണ്‍സ് നേടി പുറത്താകാതെ നിന്നു. 1983 നു ശേഷം പിന്നീട് 28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ 2011 ല്‍ ലോകകപ്പ് സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook