മുംബൈ: ലോകക്രിക്കറ്റില്‍ തങ്ങളുടെ മികവ് തെളിയിച്ച താരങ്ങളാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇവര്‍ രണ്ട് പേരും ക്രീസില്‍ ഉണ്ടായിരുന്നിട്ടും ജയിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു രാജസ്ഥാന് നായകന് സഞ്ജു സാംസണിന്. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ 148 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സ് 42-5 എന്ന നിലയില്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ മില്ലറും 18 പന്തില്‍ 36 റണ്‍സ് നേടിയ മോറിസും ചേര്‍ന്ന് രാജസ്ഥാന് സീസണിലെ ആദ്യ ജയം സമ്മാനിച്ചു.
“സത്യസന്ധമായി പറയട്ടെ, 42 ന് അഞ്ച് വിക്കറ്റ് നഷ്ടമായപ്പള് എന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നു. മില്ലറും മോറിസും ഉണ്ടായിരുന്നു. മത്സരം ജയിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാന്‍ ഓര്‍ത്തത്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യുക എന്നതാണ് പ്രധാനം, പക്ഷെ തുടക്കം മികച്ചതാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല,” സഞ്ജു പറഞ്ഞു.
ഡല്‍ഹി ബാറ്റ്സ്മാന്മാര്ക്ക് ബൗണ്‍സ് മനസിലാക്കി കളിക്കാന്‍ സാധിച്ചില്ലെന്ന് ക്രിസ് മോറിസ് മത്സരശേഷം പറഞ്ഞു. “കൃത്യമായ ലെങ്തില്‍ ബോളെറിയാന്‍ തങ്ങള്‍ക്കായി. ഇത് കളിയില്‍ സംഭവിക്കുന്ന കാര്യമാണ്, സ്വാഭാവികം മാത്രം. ഡല്‍ഹിയും നന്നായി കളിച്ചു. കാലാവസ്ഥ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഡല്‍ഹി ബോളര്‍മാര്‍ക്ക് അത് സഹായകരമായി,” മോറിസ് വ്യക്തമാക്കി.
തോല്‍വിയിലും ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്ന് ഡല്‍ഹി നായകന് റിഷഭ് പന്ത് പറഞ്ഞു. “ബോളര്‍മാര്‍ തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. പക്ഷെ അവസാനം ഞങ്ങള്‍ കളി കൈവിട്ടു. 15-20 റണ്‍സിന്റെ കുറവ് ഉണ്ടായിരുന്നു,” പന്ത് പ്രതികരിച്ചു.