അഹമ്മദബാദ്: ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ശാരീരികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചെന്ന് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. താനും ടീമിലെ മറ്റ് അംഗങ്ങളും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നും ഇന്ത്യയിലെ ചൂട് അസഹ്യമായിരുന്നെന്നും താരം പറഞ്ഞു.
നാലാം ടെസ്റ്റിനു മുൻപ് താനടക്കമുള്ള പല താരങ്ങൾക്കും വയറിനു തീരെ സുഖമില്ലായിരുന്നു എന്നാണ് സ്റ്റോക്സ് ‘ഡെയ്ലി മിററി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
“41 ഡിഗ്രി ചൂടിൽ കളിക്കുക ഏറെ ദുഷ്കരമായിരുന്നു. നാലാം ടെസ്റ്റിനു മുൻപ് ഞങ്ങൾ കുറച്ചുപേർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്തു. ഒരാഴ്ചക്കിടെ ഞാൻ അഞ്ച് കിലോ കുറഞ്ഞു. ഡൊമിനിക് സിബ്ലി നാല് കിലോയും ജെയിംസ് ആൻഡേഴ്സൺ മൂന്ന് കിലോയും കുറഞ്ഞു. ജാക് ലീച് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകുകയായിരുന്നു,” സ്റ്റോക്സ് പറഞ്ഞു.
Read Also: ‘അതിനിപ്പോ ഞാൻ എന്ത് ചെയ്യണം;’ ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് കൂളായി മറുപടി നൽകി മമ്മൂട്ടി
“ടെസ്റ്റ് തോൽവിക്ക് ഇതൊന്നും ന്യായീകരണമല്ല. എല്ലാവരും കളിക്കാൻ തയ്യാറായിരുന്നു. ഇന്ത്യയും പ്രത്യേകിച്ച് റിഷഭ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. പ്രതികൂല സാഹചര്യത്തിലും വിജയം സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് വേണ്ടി പോരാടിയ എല്ലാ സഹതാരങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.” സ്റ്റാേക്സ് കൂട്ടിച്ചേർത്തു.
നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1 നാണ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ സാധിച്ചത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ ഇന്ത്യ പ്രവേശിച്ചു.