തനിക്ക് താടി നന്നായി ചേരുമെന്നും അത് വടിച്ച്‌ കളയാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ഒരു പ്രൊമോഷണല്‍ ചടങ്ങില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐപിഎല്ലിലെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകന്‍.

“എന്‍റെ താടി എനിക്ക് വളരെ ഇഷ്ടമാണ്. അതെനിക്ക് നന്നായി ചേരുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് അത് വടിച്ച്‌ കളയാന്‍ എനിക്ക് ഒട്ടും താൽപര്യമില്ല”, കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പലരും താടി വളര്‍ത്താറുണ്ട്. പക്ഷേ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇടയ്ക്കിടയ്ക് തങ്ങളുടെ സ്റ്റൈല്‍ മാറ്റുന്ന പതിവുണ്ട്.

ഇതിനു മുമ്പ് ഇൻസ്റ്റഗ്രാമില്‍ ജഡേജയുടെ വെല്ലുവിളിയിലും കോഹ്‌ലി താടി വടിക്കാനുള്ള വിസമ്മതം അറിയിച്ചിരുന്നു. വെല്ലുവിളിയ്ക്ക് മറുപടിയായി, ഇൻസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു കോഹ്‌ലിയുടെ മറുപടി,” ക്ഷമിക്കണം ബോയ്സ്, ഞാന്‍ എന്‍റെ താടി വടിച്ച്‌ കളയാന്‍ ഉദ്ദേശിക്കുന്നില്ല. പുതിയ മുഖം എല്ലാവര്‍ക്കും നന്നായി ചേരുന്നുണ്ട്.”

കോഹ്‌ലി താടി വടിക്കുന്നതിനോട് ഭാര്യ അനുഷ്‌കയ്ക്കും താൽപര്യമില്ല. കൂടാതെ നിരവധി തരം എണ്ണകള്‍ ലഭ്യമായതിനാല്‍ താടി സംരക്ഷണം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നും കോഹ്‌ലി പറയുന്നു.

“ഒരുപാട് വളരുമ്പോള്‍ എനിക്കുറപ്പായും കുറച്ച് വെട്ടി കളയേണ്ടി വരും. പക്ഷേ ഇല്ല, ഒരിക്കലും ഞാന്‍ അത് മുഴുവന്‍ കളയില്ല” കോഹ്‌ലി ഉറപ്പിച്ച് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ