/indian-express-malayalam/media/media_files/uploads/2018/03/bancroft-bancroft-7594.jpg)
സിഡ്നി: പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് ക്ഷമാപണം നടത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നും പെര്‍ത്തില്‍ തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി. ഒമ്പത് മാസത്തേക്കാണ് ബാന്‍ക്രോഫ്റ്റിനെ വിലക്കിയിട്ടുളളത്. നായകനായ സ്റ്റീവ് സ്മിത്തിനേയും ഉപനായകനായ ഡേവിഡ് വാര്‍ണറേയും 12 മാസത്തേക്കും വിലക്കിയിരുന്നു.
തുടര്‍ന്ന് ഇരുവര്‍ക്കും ഐപിഎല്‍ മൽസരങ്ങളും നഷ്ടമാകും. ക്ഷമാപണം നടത്തുക മാത്രമാണ് തനിക്ക് ചെയ്യാന്‍ കഴിയുക എന്ന് ബാന്‍ക്രോഫ്റ്റ് പറഞ്ഞു. 'നടന്ന കാര്യത്തില്‍ ഞാന്‍ വളരെയധികം ഖേദിക്കുന്നു. എല്ലാവരേയും നിരാശരാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു... എന്റെ തെറ്റായ ചെയ്തിയില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. ബാക്കിയുളള എന്റെ ജീവിതകാലത്തും ഞാന്‍ ഇതോര്‍ത്ത് ദുഃഖിക്കും, പശ്ചാത്തപിക്കും. മാപ്പപേക്ഷിക്കുക എന്നത് മാത്രമാണ് എന്റെ മുന്നിലുളള വഴി. സമൂഹത്തിന്റെ നല്ലതിന് മാത്രം ഞാന്‍ നിലകൊളളും', ബാന്‍ക്രോഫ്റ്റ് വികാരാധീനനായി പറഞ്ഞു.
പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പറിനെ കുറിച്ചും ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തല്‍ നടത്തി. 'ഞാന്‍ കളളം പറഞ്ഞു, സാന്‍ഡ് പേപ്പറിനെ കുറിച്ച് ഞാന്‍ കളളം പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ഞാന്‍ ഏറെ പരഭ്രാന്തനായിരുന്നു, നിങ്ങള്‍ എന്നോട് ക്ഷമിക്കണം...ഓസ്ട്രേലിയയിലുളള എല്ലാവരേയും തല കുനിപ്പിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് കരിയറില്‍ ഇതുവരെ എത്തിയതെന്ന് ആളുകള്‍ക്ക് അറിയാം. അത് ഞാന്‍ നിശിപ്പിച്ചല്ലോ എന്നത് എന്നെ നിരാശനാക്കുന്നു...' ബാന്‍ക്രോഫ്റ്റ് പറഞ്ഞു.
'മുമ്പ് ഒരിക്കലും ഞാന്‍ ഇത്തരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചെയ്തത് വളരെ വലിയ തെറ്റാണ്. ഇതുപോലൊരു രാജ്യാന്തര വേദിയില്‍, കളിയുടെ നിയമങ്ങള്‍ തെറ്റിച്ച്, കളിയുടെ ഊര്‍ജം ഉള്‍ക്കൊളളാതെ ഒരിക്കലും ക്രിക്കറ്റ് കളിച്ച് കൂടാന്‍ പാടില്ലാത്ത രീതിയിലാണ് കളിച്ചത്. നഷ്ടമായ ഈ അന്തസ്സ് തിരികെ ലഭിക്കാന്‍ ഒരുപാട് നാളെടുക്കും. അത് തിരിച്ചെടുക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം', ബാന്‍ക്രോഫ്റ്റ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് ക്രിക്കറ്റ് താരങ്ങളേയും ക്രിക്കറ്റ് ഓസ്ട്രേലിയ നാട്ടിലേക്ക് തന്നെ തിരിച്ചയച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.