ഐ ലീഗ് 2018-2019 സീസണിലെ ചാമ്പ്യന്മാരായി ചെന്നൈ സിറ്റി. നിർണായക ദിനത്തിൽ മിനർവ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഈസ്റ്റ് ബംഗാൾ ഗോകുലത്തെ പരാജയപ്പെടുത്തിയെങ്കിലും ഫോട്ടോ ഫിനിഷിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ചെന്നൈ കിരീടം സ്വന്തമാക്കുകയായിരുന്നു.

നിർണായക മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി മിനർവ്വ ചെന്നൈയെ ഞെട്ടിച്ചു. മൂന്നാം മിനിറ്റിൽ റോളണ്ട് ബിലാലയാണ് മിനർവ്വയ്ക്കായി ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിൽ ഗോൾ മടക്കാനുള്ള ചെന്നൈയുടെ ശ്രമങ്ങളൊന്നു വിജയിക്കാതെ വന്നതോടെ 1-0ന് ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചിറങ്ങി ചെന്നൈ ഗോളിനായി ദാഹിച്ചു. ഒടുവിൽ 56-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു ചെന്നൈ ഒപ്പമെത്തിയത്. സമനിലയ്ക്ക് പോലും കിരീടം സമ്മാനിയ്ക്കാൻ സാധിക്കുുമായിരുന്നെങ്കിലും അവിടെ നിർത്താൻ ചെന്നൈ തയ്യാറല്ലായിരുന്നു. 69-ാം മിനിറ്റിൽ ഗൗരവ് ബോറ ചെന്നൈയെ മുന്നിലെത്തിച്ചു. കളിയുടെ അധിക സമയത്ത് ലഭിച്ച അവസരവും മിനർവ്വയുടെ വലയിലെത്തിച്ച് ബോറ വിജയവും കിരീടവും ചെന്നൈയ്ക്ക് നൽകി.

ഐ ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടമാണ് ചെന്നൈയ്ക്കിത്. 20 മത്സരങ്ങളിൽ 13ലും ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. നാല് മത്സരങ്ങൾ സമനിലയിലും അവസാനിപ്പിച്ചപ്പോൾ മൂന്ന് മത്സരത്തിൽ മാത്രമാണ് ചെന്നൈ എതിരാളികളോട് പരാജയപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനും 13 ജയമുണ്ടെങ്കിലും ചെന്നൈയേക്കാളും ഒരു മത്സരം അധികമായി പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ചെന്നൈയ്ക്ക് 43ഉം ബംഗാളിന് 42 പോയിന്റുകളാണുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ