ഐ ലീഗിൽ ഗോകുലം കേരള എഫ് സിയ്ക്ക് സീസണിലെ അവസാന മത്സരത്തിലും തോൽവി. ഈസ്റ്റ് ബംഗാളിനെതിരെ നടന്ന അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ തോൽവി. ഇതോടെ സീസണിൽ ഗോകുലത്തിന്റെ മത്സരങ്ങൾ എല്ലാം അവസാനിച്ചു.
വിരസമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. കളിയിൽ ആദ്യം മുന്നിലെത്തിയതും ഗോകുലമായിരുന്നു. 69-ാം മിനിറ്റിൽ മാർക്കസ് ജോസഫിന്റെ ഗോളിലാണ് ഗോകുലം ലീഡെടുത്തത്. എന്നാൽ അടുത്ത മിനിറ്റുകളിൽ തന്നെ ഒപ്പമെത്താനും ലീഡെടുക്കാനും മത്സരം സ്വന്തമാക്കാനും ബംഗാൾ വമ്പന്മാർക്കായി.
ഗോകുലം ഗോൾ നേടി പത്ത് മിനിറ്റിനുള്ളിൽ തന്നെ ഈസ്റ്റ് ബംഗാൾ ഒപ്പമെത്തി. 79-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അനവസരം സാന്രോസ് മുതലാക്കുകയായിരുന്നു . 85-ാം മിനിറ്റിൽ റാൾട്ടെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ജയിച്ചെങ്കിലും കിരീടം സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളിനായില്ല.
പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണെങ്കിലും അന്തിമ പട്ടികയിൽ ഇതിന് മാറ്റം വന്നേക്കാം. 20 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഗോകുലത്തിന് വിജയിക്കാനായത്. എട്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ ഒമ്പത് മത്സരങ്ങളിൽ പരാജയമറിയാനായിരുന്നു ഗോകുലത്തിന്റെ വിധി. ആകെ 17 പോയിന്റുകളാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്.
നിലവിൽ പത്താം സ്ഥാനത്തുള്ള മിനർവ്വയ്ക്കും 17 പോയിന്റുകളാണുള്ളത്. എന്നാൽ അവർക്ക് ഇനിയും ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗോകുലം പത്താം സ്ഥാനത്തേയ്ക്ക് വീഴാനുള്ള സാധ്യതയും തള്ളി കളായാനാകില്ല. തരംതാഴത്തലിൽ നിന്ന കഷ്ടിച്ചാണ് ഗോകുലം രക്ഷപ്പെട്ടത്.