കൊൽക്കത്ത: ഐ ലീഗ് ഗോകുലത്തിന്റെ അപരാജിത കുതിപ്പിന് തടയിട്ട് കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബഗാനെതിരെ ഗോകുലത്തിന്റെ തോൽവി. ഇതാദ്യമായാണ് ഗോകുലം മോഹൻ ബഗാന് മുന്നിൽ പരാജയപ്പെടുന്നത്. ഫ്രാൻസിസ്കോ ഗോൻസലാസിന്റെ ഇരട്ട ഗോളാണ് ബഗാന് ജയമൊരുക്കിയത്. നായകൻ ജോസഫ് മാർക്കസിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ഏക ഗോൾ.
ഐ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ പരസ്പരം മുന്നേറ്റങ്ങൾ നടത്തുന്നതിനൊപ്പം താരങ്ങൾ കൊമ്പുകോർക്കുന്നതിനും കല്യാണി സ്റ്റേഡിയം സാക്ഷിയായി. മത്സരത്തിലെ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു. മത്സരത്തിന്റെ 24-ാം മിനിറ്റിൽ മോഹൻ ബഗാൻ തന്നെയാണ് മുന്നിലെത്തിയത്. ഗോകുലത്തിന്റെ ബോക്സിൽ ഗോൾകീപ്പർ സി.കെ.ഉബൈദ് നടത്തിയ ഫൗൾ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഗോൻസലാസ് ബോൾ അനായാസം വലയിലെത്തിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോകുലം ഒപ്പമെത്തി. പെനാൽറ്റിയിലൂടെയാണ് ഗോകുലവും സമനില കണ്ടെത്തിയത്. ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ മുന്നേറ്റം തടയുന്നതിന് മോഹൻ ബഗാന്റെ പ്രതിരോധം നടത്തിയ നീക്കം ഫൗൾ ആവുകയായിരുന്നു. ഗോകുലത്തിനായി കിക്കെടുത്ത നായകൻ മാർക്കസ് ജോസഫിന് ലക്ഷ്യം പിഴച്ചില്ല.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മോഹൻ ബഗാൻ വീണ്ടും ലീഡ് ഉയർത്തി. 48-ാം മിനിറ്റിൽ ഗോൻസാലസിന്റെ കാലുകളിൽ നിന്ന് കുതിച്ച പന്ത് ഗോകുലത്തിന്റെ വല കുലുക്കി. ഇതോടെ ബഗാൻ മത്സരത്തിൽ മുന്നിൽ. തുടർന്നും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ ഗോകുലം താരങ്ങൾക്കായില്ല.
കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് ആന്ദ്രെ എത്തിയെനെ ഇല്ലാതെയാണ് ഗോകുലം കൊൽക്കത്തയിൽ ഇറങ്ങിയത്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഗോകുലം. ജയത്തോടെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.