കോഴിക്കോട്: ഹാട്രിക് ജയം മനസില്‍ കണ്ടിറങ്ങിയ ഗോകുലത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് ഗോകുലത്തിന് 1-1 ന് സമനില വഴങ്ങേണ്ടി വന്നു. ഇതോടെ പോയന്റ് പട്ടികയില്‍ ഗോകുലം മൂന്നാം സ്ഥാനത്ത് തന്നെ തുടരും. ചര്‍ച്ചിലാണ് രണ്ടാമത്. ഒന്നാമതുള്ളത് ചെന്നൈ സിറ്റി എഫ്‌സിയാണ്. ചെന്നൈയ്ക്ക് പത്ത് പോയന്റുണ്ട്. ഗോകുലത്തിന് ഒമ്പത് പോയന്റാണുള്ളത്.

കളി തുടങ്ങി നാലാം മിനുറ്റില്‍ തന്നെ ചര്‍ച്ചില്‍ ഗോകുലത്തിന്റെ വല കുലുക്കുകയായിരുന്നു. പിന്നീട് കളി തിരിച്ചു പിടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമം 36ാം മിനുറ്റിലാണ് ഫലം കണ്ടത്. അര്‍ജുന്‍ ജയരാജാണ് ഗോകുലത്തിന്റെ ഗോള്‍ നേടിയത്. അതേസമയം, ഇടതു ബോക്‌സില്‍ നിന്ന് സബാഹ് തള്ളിക്കൊടുത്ത പന്തുമായി മുന്നേറിയ അര്‍ജുന്‍ അഡ്വാന്‍സ് ചെയ്ത ഗോളിയെ കബളിപ്പിച്ച് വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു. വില്ലിസ് പ്ലാസയാണ് ചര്‍ച്ചിലിന് ലീഡ് നല്‍കിയ ഗോള്‍ നേടിയത്

ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പമെത്തിയതോടെ രണ്ടാം പകുതിയില്‍ രണ്ട് ടീമും ജയം ലക്ഷ്യം വച്ച് കളിക്കുകയായിരുന്നു. ഗോകുലം പന്ത് കൈവശം വച്ച് കളിച്ചപ്പോള്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ചര്‍ച്ചില്‍ ആക്രമണം നടത്തി. ചര്‍ച്ചിലിന്റെ മുന്നേറ്റനിരയെ പൂട്ടാന്‍ ഗോകുലത്തിന്റെ പ്രതിരോധത്തിനും ഗോളി ഷിബിനും നന്നായി വിയര്‍ക്കേണ്ടി വന്നു. പക്ഷെ ഗോള്‍ കണ്ടെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിയാതെ വന്നതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഡിസംബർ എട്ടിന് ഈസ്റ്റ് ബംഗാളിനെതിരെ കൊല്‍ക്കത്തിയിലാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook