ഐ ലീഗിൽ വമ്പന്മാർക്കെതിരെ തുടർവിജയം നേടി ഗോകുലം എഫ് സിയുടെ കുതിപ്പ്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും പുറമേ മിനർവ പഞ്ചാബ് ആണ് ഇത്തവണ ഗോകുലത്തോട് പരാജയപ്പെട്ടത്.  മിനർവ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ 1-0 നാണ് ഗോകുലം വിജയം നേടിയത്.

75ാം മിനുട്ടിൽ ഹെൻ‌റി കസേക ബൈസൈക്കിൾ കിക്കിലൂടെ നേടിയ ഗോളിലാണ് ഗോകുലം എഫ് സി, മിനർവ പഞ്ചാബിനെ തോൽപ്പിച്ചത്. ഗോൾ നേടുന്നതിന് മുൻപ് മൂന്ന് വട്ടം ഗോകുലത്തിന്റെ ഗോൾ ശ്രമങ്ങൾ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ നിന്ന് നാല് മാറ്റങ്ങളോടെയാണ് മിനർവ പഞ്ചാബ് ഇത്തവണ കളിക്കാനിറങ്ങിയത്. ഇതിൽ നേപ്പാളിൽ നിന്നുളള ഗോൾകീപ്പർ കിരണും ഉണ്ടായിരുന്നു.  മുന്നേറ്റത്തിൽ കിവിയും ഹെൻറിയും സലാമും മികച്ച ഒത്തിണക്കം കാഴ്ചവച്ചതാണ് ഗോകുലത്തിന്റെ തിളക്കമാർന്ന വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യമിനുട്ടിൽ തന്നെ മിനർവ്വയെ പ്രതിരോധത്തിലാക്കും വിധം ഗോകുലം ഗോൾമുഖത്തേക്ക് കുതിച്ചെത്തി. 15ാം മിനുട്ടിൽ വില്യം തൊടുത്ത ഷോട്ട് ഗോളി തടഞ്ഞത് ഗോകുലത്തിനെ രക്ഷിച്ചു. എന്നാൽ മധ്യനിരയിൽ പന്തടക്കം ഇല്ലാഞ്ഞത് ആദ്യ പകുതിയിൽ മിനർവയെ വലച്ചു.

രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച മിനർവയ്ക്ക് പക്ഷെ ഗോകുലം താരങ്ങൾക്ക് നിരന്തരം പരിക്കേറ്റത് തിരിച്ചടിയായി. ഇതോടെ മിനർവയുടെ ആക്രമണത്തിന്റെ വേഗം കുറഞ്ഞു. പന്ത് കാലിലൊതുക്കി പിന്നീട് ഗോകുലം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ