കൊച്ചി : കേരളത്തിലെ ക്ലബ്ബുകള്‍ക്കിത് ഗോള്‍ ശാപം. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വിധി ഗോകുലം എഫ്സിക്കും. മികച്ച കളി പുറത്തെടുക്കുവാന്‍ സാധിച്ചുവെങ്കിലും. കന്നി ഐ ലീഗ് മത്സരത്തില്‍ ഗോകുലം എഫ്സിക്ക് പരാജയം. പത്ത് മിനുട്ട് മാത്രം ശേഷിക്കെ അലന്‍ ഡിയൊര കണ്ടെത്തിയ ഒറ്റ ഗോളിന്‍റെ ആധിപത്യത്തിലാണ് ഷില്ലോങ് ലജോങ് ഗോകുലം എഫ്‌സിയെ പരാജയപ്പെടുത്തിയത്..

1500 മീറ്ററിന് മുകളില്‍ ഉയരത്തിലുള്ള ഷില്ലോങ്ങിലെ മൈതാനത്തില്‍ ലീഗിലെ കന്നി മത്സരമായിട്ട് കൂടി ബിനോ ജോര്‍ജിന്‍റെ സാരഥ്യത്തിലുള്ള ക്ലബ് കാഴ്ചവെച്ച പ്രകടനം ഏറെ മികവുറ്റതാണ്. തുടക്കം മുതല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഗോകുലത്തിനെ തേടി ഗോള്‍മുഖത്ത് ഒന്നിലേറെ അവസരങ്ങള്‍ വന്നുവെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്.

അവേ മത്സരത്തില്‍ വിജയം നേടിയില്ലെങ്കിലും സമനിലയെങ്കിലും നേടുക എന്ന ലക്ഷ്യത്തിലാണ് കോഴിക്കോട് നിന്നുമുള്ള ക്ലബ് മത്സരത്തിനിറങ്ങിയത്.

പതിവ് ശൈലിയിലുള്ള അക്രമ ഫുട്ബാള്‍ തന്നെയാണ് ഷില്ലോങ്ങ് ലജോങ്ങും പുറത്തെടുത്തത്. മികച്ച പാസിങ് ഫുട്ബാളിലൂടെയും കൗണ്ടര്‍ അറ്റാക്കുകളിലൂടെയും ഉയരക്കുറവിന്‍റെ പോരായ്മകള്‍ കവച്ചുവെക്കാന്‍ ഷില്ലോങ്ങിനു സാധിച്ചു. കേരളത്തിന്‍റെ പ്രതിരോധകോട്ടയില്‍ നിരന്തരമായി വിള്ളലുകള്‍ വീഴ്തുന്നതിലും ലജോങ്ങ് തന്ത്രങ്ങള്‍ വിജയം കണ്ടു എന്ന് വേണം വിലയിരുത്താന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ