കൊൽക്കത്ത: ഐലീഗ് പ്ലേഓഫ് റൗണ്ടിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ മൊഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി. ഘാന മുന്നേറ്റ താരം ഡെന്നീസ് അന്റ്വിയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് ജയം നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ 20ാം മിനുറ്റിലും 34ാം മിനുറ്റിലുമാണ് അന്റ്വിയുടെ ഗോളുകൾ. രണ്ടാം പകുതിയിൽ ട85ാം മിനുറ്റിൽ സുജിത് സാധുവാണ് മൊഹമ്മദനിന്റെ ആശ്വാസ ഗോൾ നേടിയത്. കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു മത്സരം.
ഈ ജയത്തോടെ പ്ലേഓഫ് പോയിന്റ് നിലയിൽ ഗോകുലം ഒന്നാമതെത്തി. 14 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് സമനിലയും നാല് തോൽവിയുമുള്ള ഗോകുലത്തിന് 26 പോയിന്റാണ്. ചർച്ചിൽ ബ്രദേഴ്സ്, ട്രാവു എഫ്സി എന്നിവയും 26 പോയിന്റോടെ ഗോകുലത്തിനൊപ്പമുണ്ട്. ഏഴ് വീതം ജയങ്ങളും അഞ്ച് വീതം സമനിലയും രണ്ട് വീതം തോൽവിയുമാണ് ഇരു ടീമുകൾക്കും.
ഞായറാഴ്ച നടന്ന ചർച്ചിൽ ബ്രദേഴ്സ് ട്രാവു മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് മത്സരം അവസാനിച്ചത്. ചർച്ചിലിനു വേണ്ടി 28ാം മിനുറ്റിൽ ലൂക്കാ മാജ്സെൻ 28ാം മിനുറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയപ്പോൾ 43ാം മിനുറ്റിൽ കൊൻസാം ഫാൽഗുനി സിങ്ങ് ടിആർഎയുവിനുവേണ്ടി ഗോൾ മടക്കുകയായിരുന്നു.
അടുത്ത ആഴ്ച നടക്കുന്ന അവസാന റൗണ്ടിൽ ലീഗിന്റെ ഈ സീസണിലെ ജേതാക്കളെ അറിയാം. മാർച്ച് 27ന് ട്രാവു എഫ്സിയുമായാണ് അവസാന റൗണ്ടിൽ ഗോകുലം ഏറ്റുമുട്ടുന്നത്. ചർച്ചിൽ ബ്രദേഴ്സ് പഞ്ചാബ് എഫ്സിയെയും റിയൽ കശ്മീർ മുഹമ്മദനെയും അവസാന റൗണ്ടിൽ നേരിടും.