കൊല്‍ക്കത്ത: ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ റൊബീഞ്ഞോ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളുമായി ധാരണയിലെത്തിയതായി അഭ്യൂഹങ്ങള്‍. ഇന്ന് രാവിലെയാണ് കോസ്റ്റാറിക്കയ്ക്ക് വേണ്ടി ലോകകപ്പ് കളിച്ച പ്രതിരോധതാരം ജോണി അകോസ്റ്റയെ കൊല്‍ക്കത്തയില്‍ നിന്നുള്ള ക്ലബ് സ്വന്തമാക്കിയത്.

അവസരം ലഭിക്കുമെങ്കില്‍ ഈ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കും എന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാള്‍ വമ്പന്‍ സൈനിങ്ങുകള്‍ക്ക് മുതിരുന്നത്. കഴിഞ്ഞ സീസണില്‍ ടര്‍ക്കിഷ് ക്ലബ്ബായ സിവസ്പോറില്‍ കളിച്ച മുപ്പത്തിനാലുകാരന് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, എസി മിലാന്‍ തുടങ്ങി വന്‍ നിര ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച അനുഭവസമ്പത്തുണ്ട്.

മുന്നേറ്റത്തിലും വിങ്ങുകളില്‍ ഒരുപോലെ തിളങ്ങാനാകുന്ന താരം ബ്രസീലിനുവേണ്ടി രണ്ട് ലോകകപ്പിലും ബൂട്ടണിഞ്ഞിട്ടുണ്ട്. റോബര്‍ട്ടോ കാര്‍ലോസ്, ബെര്‍ബറ്റൊവ്, വെസ് ബ്രൗണ്‍, അനെല്‍ക, റോബി കീന്‍ തുടങ്ങിയ ലോകോത്തര താരങ്ങള്‍ മാറ്റുരച്ച ഇന്ത്യന്‍ ഫുട്ബോളിലേക്ക് പ്രവേശിക്കാന്‍ റൊബീഞ്ഞോയും താത്പര്യം പ്രകടിപ്പിച്ചതായാണ് അഭ്യൂഹം.

റൊബീഞ്ഞോയെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാള്‍ ചെലവിടുന്ന തുക ഇതുവരേക്കും വ്യക്തമാക്കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ