കൊൽക്കത്ത: ഹീറോ ഐ-ലീഗിന്റെ 14-ാം സീസൺ അടുത്ത വർഷം ജനുവരി 9ന് കൊൽക്കത്തയിൽ ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) അറിയിച്ചു. ലീഗിൽ പങ്കെടുക്കുന്ന 11 ടീമുകളും ഷെഡ്യൂൾ അനുസരിച്ച് ആദ്യ മത്സരത്തിന് 14 ദിവസം മുമ്പ് പ്രത്യേക ബയോ സെക്യൂർ ബബിൾ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണം. ലീഗിന്റെ സമയക്രമം ഉടൻ പ്രസിദ്ധീകരിക്കുമെന്നും എഐഎഫ്എഫ് അറിയിച്ചു.
കോവിഡ് -19 കാരണം, ലീഗിന്റെ മുൻ സീസൺ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. പശ്ചിമ ബംഗാൾ സർക്കാരും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും (ഐ.എഫ്.എ) എ.ഐ.എഫ്.എഫുമായി സഹകരിച്ച് ഐലീഗ് യോഗ്യതാ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഒക്ടോബറിലായിരുന്നു ഇത്.
യോഗ്യതാ മത്സരങ്ങൾ ഒരു കുഴപ്പവുമില്ലാതെ നടത്തുന്നതിന് “നിരുപാധികമായ പിന്തുണ” നൽകിയതിന് ലീഗുമായി സഹകരിച്ചവർക്ക് ഐ ലീഗ് സിഇഒ സുനന്ദോ ധർ പ്രശംസയറിയിച്ചു.
“ഈ വർഷം ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങൾ നടത്തുന്നതിന് നിരുപാധികമായ പിന്തുണ നൽകിയതിന് പശ്ചിമ ബംഗാൾ സർക്കാരിനും ഐഎഫ്എയ്ക്കും നന്ദി പറയാൻ ഞങ്ങൾക്ക് വാക്കുകളില്ല. അവരുടെ പിന്തുണയില്ലാതെ, ടൂർണമെന്റ് സുഗമമായി നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.
“ഹീറോ ഐ-ലീഗിന്റെ അടുത്ത പതിപ്പിനായുള്ള ഒരു സ്റ്റേജ് റിഹേഴ്സലായിരുന്നു ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങൾ, കാരണം ഇത് എല്ലാ തരത്തിലും വെല്ലുവിളി നിറഞ്ഞതും ദൈർഘ്യമേറിയതുമായ ടൂർണമെന്റായിരിക്കും.
“ഞങ്ങൾ അവരുമായി കൈകോർത്ത് അത് മികച്ച വിജയമാക്കും, അത് വിജയകരമായി നടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” ധർ പറഞ്ഞു.
രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുന്നതിന് മുൻപായി 11 ടീമുകളും ലീഗിന്റെ ആദ്യ ഘട്ടത്തിൽ ഒരു തവണ പരസ്പരം ഏറ്റുമുട്ടും.
പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ആറ് ടീമുകൾ പിന്നീട് പരസ്പരം എല്ലാ ടീമുകളുമായി ഏറ്റുമുട്ടും. മറ്റ് അഞ്ച് ടീമുകൾ പരസ്പരം വൺ ലെഗ് ലീഗ് ഫോർമാറ്റിൽ കളിക്കും.
പരമാവധി പോയിന്റുള്ള ടീം (എല്ലാ പതിനഞ്ച് മത്സരങ്ങളിൽ നിന്നും ശേഖരിച്ച ക്യുമുലേറ്റീവ് പോയിന്റുകൾ) 2020-21 ലെ ഐ-ലീഗിലെ വിജയിയാകും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ സ്റ്റേഡിയത്തിനുള്ളിൽ കാണികളെ അനുവദിക്കില്ല. മത്സരങ്ങൾ 1 സ്പോർട്സിൽ തത്സമയം സംപ്രേഷണം ചെയ്യും.