I-League 2019-20 fixtures: ന്യൂഡൽഹി: ഐ ലീഗ് 2019-2020 സീസണിന് നവംബർ അവസാനത്തോടെ തുടക്കമാകും. നവംബർ 30നാണ് ഉദ്ഘാടന മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഐസ്വാൾ എഫ്സി കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെയും കേരളത്തിൽനിന്നുള്ള ഗോകുലം കേരള എഫ്സി നെറോക്ക എഫ്സിയെയും നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഗോകുലം-നെറോക്ക എഫ്സി മത്സരം.
ഐ ലീഗിലേക്ക് 7 മണി മത്സരക്രമം മടങ്ങിയെത്തുന്നു എന്നതാണ് മറ്റൊരു സന്തോഷ വാർത്ത. കഴിഞ്ഞ സീസണുകളിൽ ഉച്ചകഴിഞ്ഞ് മത്സരം സംഘടിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Also Read: ‘സന്തോഷത്തുടക്കം’; ആന്ധ്രയ്‌ക്കെതിരെ ആധികാരിക ജയവുമായി കേരളം
നിലവിലെ ചാംപ്യന്മാരായ ചെന്നൈ സിറ്റി എഫ്സിയുടെ ആദ്യ മത്സരം ഡിസംബർ ഒന്നിനാണ്. ഐ ലീഗ് രണ്ടാം ഡിവിഷൻ ചാംപ്യന്മാരായി ഒന്നാം ഡിവിഷനിലെത്തിയ ട്രാവു എഫ്സിയാണ് ചെന്നൈയുടെ ആദ്യ എതിരാളികൾ. ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം റിയൽ കശ്മീരിനെതിരെയാണ്. ഡിസംബർ 22നാണ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി.
ഇത്തവണയും മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിന്റെ കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുകയാണ്. കഴിഞ്ഞ സീസണിൽ സ്റ്റാർ ഗ്രൂപ്പിനായിരുന്നു സംപ്രേഷണ അവകാശം. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ മാത്രമാണ് സ്റ്റാർ സംപ്രേഷണം ചെയ്തത്. ഇതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.