കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിൽ മുൻനിര ഫുട്ബോൾ ടീമായ മോഹൻ ബഗാനെ ഇന്ത്യൻ ആരോസിന്റെ കൗമാരപ്പട സമനിലയിൽ തളച്ചു. പത്തംഗങ്ങളുമായി കളിച്ച ഇന്ത്യൻ ആരോസിനെ തളയ്ക്കാൻ മോഹൻ ബഗാന് സാധിച്ചില്ല. കളി 1-1 സമനിലയിൽ പിരിഞ്ഞു.
ആരോസിലെ മലയാളി താരം കെപി രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ആരോസിന് സമനില ഗോൾ സമ്മാനിച്ചത്. മോഹൻ ബഗാന്റെ ഗോൾ ഷോട്ടുകൾ ഒന്നൊന്നായി തടുത്തിട്ട ഗോൾകീപ്പർ ധീരജ് സിംഗാണ് കളിയിലെ താരം.
27ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മോഹൻ ബഗാനാണ് മുന്നിലെത്തിയത്. എന്നാൽ ആ ആഹ്ലാദത്തിന് ആറ് മിനിറ്റിന്റെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ. ഗോൾബോക്സിന് ഇടത് വശത്ത് നിന്ന് അലി നൽകിയ ക്രോസ് പ്രതിരോധ നിരയിലെ രണ്ട് താരങ്ങളെ വെട്ടിച്ച് കെപി രാഹുൽ സമർത്ഥമായി ഗോൾവലയിലേക്ക് ഷൂട്ട് ചെയ്തു.
പിന്നീട് കളിയിൽ ആക്രമണവും പ്രത്യാക്രമണവും പലത് കണ്ടെങ്കിലും ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്താൻ മോഹൻ ബഗാന് സാധിച്ചില്ല. ഇതോടെ ഐ ലീഗിലെ കരുത്തരിൽ കരുത്തരായ സംഘത്തെയാണ് യുവനിരയായ ഇന്ത്യൻ ആരോസ് ഞെട്ടിച്ചത്.
മോഹൻ ബഗാന്റെ മൈതാനത്ത്, നിറഞ്ഞ ഗാലറിയെ സാക്ഷ്യമാക്കിയാണ് മത്സരം നടന്നത്. കളിക്കൊടുവിൽ മോഹൻ ബഗാൻ ആരാധകരുടെ നിറഞ്ഞ കൈയ്യടി നേടിയാണ് ഇന്ത്യൻ ആരോസ് കളം വിട്ടത്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി അണിനിരന്ന താരങ്ങളാണ് ഇന്ത്യൻ ആരോസിൽ ഏറെയും.
രണ്ടാം പകുതിയിൽ ശക്തമായ ആക്രമണമാണ് മോഹൻ ബഗാന്റെ ഭാഗത്ത് നിന്നുണ്ടായത്. 65ാം മിനിറ്റിൽ അമർജിത്ത് കിയാം ചുവപ്പുകാർഡ് കണ്ട് പുറത്ത് പോയത് ആരോസിന് ഇരട്ടപ്രഹരമായി. എന്നാൽ മോഹൻ ബഗാന്റെ ഒറ്റ ആക്രമണങ്ങളും ലക്ഷ്യത്തിലെത്താതെ പോയതോടെ യുവനിര വിജയത്തിന് സമാനമായ സമനില ആഘോഷിച്ചു.