ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യൻ ആരോസിനെ തകർത്തു. കൗമാരപ്പടയെ പരാജയപ്പെടുത്തി ലീഗിലെ ആദ്യ വിജയമെന്ന നേട്ടമാണ് ഗോകുലം എഫ്‌സി നേടിയത്.

ക്യാപ്റ്റന്‍ സുശാന്ത് മാത്യുവും പരുക്കേറ്റ വിദേശതാരം കാമോയുമില്ലാതെ കളത്തിലിറങ്ങിയ ഗോകുലം, ഇന്ത്യയുടെ കൗമാര പ്രതിഭകൾക്കെതിരെ മികച്ച കളി പുറത്തെടുത്തു. മൂന്ന് മലയാളി താരങ്ങൾ ഗോകുലം എഫ്‌സിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

മൽസരം തുടങ്ങി 11-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഖാലിദ് അല്‍സല എടുത്ത കോര്‍ണറില്‍ ഡാനിയല്‍ ആഷ്‌ലി അഡോ തലകൊണ്ട് ചെത്തി ആരോസിന്റെ ഗോൾവലയ്ക്ക് അകത്തേക്ക് ഇട്ടു. പിന്നീട് ആദ്യ പകുതിയിൽ ഗോൾ പിറന്നതേയില്ല. ആരോസിന്റെ ആക്രമണങ്ങൾക്ക് അതേ നിലയ്ക്ക് മറുപടി കൊടുത്ത ഗോകുലം എഫ്‌സി ലീഡോഡെ ആദ്യ പകുതിയുടെ ഇടവേളയ്ക്ക് പോയി.

രണ്ടാം പകുതിയിൽ 65-ാം മിനിറ്റിലാണ് ഗോകുലം എഫ്‌സി രണ്ടാം ഗോൾ കണ്ടെത്തിയത്. ഖാലിദ് അല്‍സലയാണ് ലക്ഷ്യം കണ്ടത്. മറുഭാഗത്ത് കെ.പി.രാഹുലിന്റെ ശക്തമായ മുന്നേറ്റം ആരോസിന് ഗോൾ എന്ന തോന്നൽ സൃഷ്ടിച്ചെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം വിജയിച്ചു.

ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്തെത്തി. നേരത്തെ രണ്ട് പരാജയവും ഒരു സമനിലയുമായിരുന്നു കേരള ടീമിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 27ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook