ഐ ലീഗിൽ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യൻ അണ്ടർ 17 താരങ്ങളടങ്ങിയ ഇന്ത്യൻ ആരോസിന് 3-0 ന്റെ തകർപ്പൻ ജയം. പരിചയ സമ്പന്നരും സീനിയർ താരങ്ങളും അടങ്ങിയ ചെന്നൈ സിറ്റി എഫ്‌സിയാണ് കൗമാര പടയുടെ കാൽക്കരുത്ത് അറിഞ്ഞത്. ഇതോടെ ഐ ലീഗിലെ മറ്റെല്ലാ ടീമുകൾക്കും ഭീഷണിയാകും ഇന്ത്യൻ ആരോസ് എന്നത് വ്യക്തമായി.

അനികേത് യാദവിന്റെ ഇരട്ടഗോളുകളും ബോറിസ് സിങ്ങിന്റെ ഗോളുമാണ് കൗമാരപ്പടയ്ക്ക് അത്യുഗ്രൻ വിജയം സമ്മാനിച്ചത്. അണ്ടർ 17 ലോകകപ്പ് കളിച്ച ടീമിലെയും ഇന്ത്യയുടെ അണ്ടർ 19 ടീമിലെയും താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ആരോസിനെ ഐ ലീഗിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിന്റെ ആദ്യ ഇലവനിലെ പത്ത് പേരും അണ്ടർ 17 ലോകകപ്പ് കളിച്ച താരങ്ങളായിരുന്നു. മലയാളി താരം കെ.പി.രാഹുലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. അണ്ടർ 19 ടീമിലെ മുന്നേറ്റതാരം എഡ്മണ്ഡ് ലാൽറിൻഡ്ക ആയിരുന്നു ഏറ്റവും മുതിർന്ന താരം.

4–5–1 ഫോർമേഷനിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യൻ ആരോസ് കളിയിലുടനീളം ചെന്നൈ പ്രതിരോധനിരയെ വെള്ളം കുടിപ്പിച്ചു. ആദ്യ പകുതിയിൽ 20-ാം മിനിറ്റിലാണ് അനികേത് യാദവിലൂടെ ഇന്ത്യൻ ആരോസ് മുന്നിലെത്തിയത്. പെനൽറ്റി ബോക്സിനു പുറത്ത് വലതു മൂലയിൽ നിന്ന് പായിച്ച നെടുനീളൻ ഷോട്ട് ചെന്നൈയുടെ വിദേശ ഗോളി യുറോസ് പൊൾയാകിനെ മറികന്ന് ഗോൾവല കയറി. രാഹുലാണ് അനികേതിന് പന്ത് ക്രോസ് ചെയ്ത് നൽകിയത്.

ഗോൾ വഴങ്ങിയതോടെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയ ചെന്നൈ സിറ്റി എഫ്‌സിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ലോകകപ്പിലെ പ്രകടനത്തിലൂടെ പേരെടുത്ത ഇന്ത്യൻ ഗോൾകീപ്പർ ധീരജ് സിങ്ങായിരുന്നു ആരോസിന്റെ ഗോൾവല കാത്തത്. കളിയിലാകെ ലക്ഷ്യത്തിലേക്ക് ചെന്നൈ താരങ്ങൾ തൊടുത്ത എട്ട് ഷോട്ടുകൾ ധീരജ് തടുത്തിട്ടു.

58-ാം മിനിറ്റിൽ മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡ്കയുടെ ഷോട്ട് ചെന്നൈ ഗോളിയുടെ കയ്യിൽത്തട്ടിത്തെറിച്ചു. അവസരം മുതലാക്കി പന്ത് വലയിലേക്ക് തട്ടിയിട്ട് അങ്കിത് ജാദവ് ആരോസിനായി രണ്ടാം ഗോൾ നേടി. അധികസമയത്തായിരുന്നു മൂന്നാം ഗോൾ. ചെന്നൈ പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്ത് ബോറിസ് സിങ് പന്ത് ചെന്നൈയുടെ ഗോൾവലയിലേക്ക് തൊടുത്തു. നാല് വിദേശ താരങ്ങളുമായി കളിക്കാനിറങ്ങിയ ചെന്നൈ സിറ്റി എഫ്‌സി ക്ക് ഈ തോൽവിയിൽ നിന്ന് എളുപ്പത്തിൽ മോചനം സാധ്യമായേക്കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ