നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രധാന തുറുപ്പു ചീട്ടുകളില്‍ ഒന്നാണ് യുസ് വേന്ദ്ര ചാഹലെന്ന ലെഗ് സ്പിന്നര്‍. ചാഹല്‍-കുല്‍ദീപ് യാദവ് സഖ്യത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ എതിര്‍ നിരയിലെ ബാറ്റ്‌സ്മാന്മാര്‍ വട്ടം കറങ്ങി വീഴുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ കണ്ടതൊന്നുമല്ല തന്റെ കൈയ്യില്‍ വേറേയും ആയുധങ്ങളുണ്ടെന്നാണ് ചാഹല്‍ പറയുന്നത്.

”എന്റെയടുത്ത് രണ്ട് ഗൂഗ്ലികള്‍ കൂടിയുണ്ട്. ഇതു രണ്ടും മിക്‌സ് ചെയ്ത് എറിയാനാണ് ശ്രമിക്കുന്നത്. ബാറ്റ്‌സ്മാന് തന്റെ തലയുടെ പൊസിഷന്‍ ശ്രദ്ധിക്കേണ്ടി വരും. അതെനിക്ക് ഗുണം ചെയ്യും,” അയര്‍ലാന്‍ഡിനെതിരായ ട്വന്റി-20യ്ക്ക് മുമ്പായിരുന്നു ചാഹലിന്റെ പ്രസ്താവന.

ഇടങ്കയ്യന്‍ ബൗളറേക്കാല്‍ വേരിയേഷനുകള്‍ ലെഗ് സ്പിന്നര്‍ക്കുണ്ടാകുമെന്നാണ് ചാഹല്‍ പറയുന്നത്. ഇടത് കൈ കൊണ്ട് എറിയുന്നവര്‍ക്ക് രണ്ട് വേരിയേഷനുകള്‍ മാത്രമാണുണ്ടാവുകയെന്നും ലെഗ് സ്പിന്നര്‍ക്ക് കുറഞ്ഞത് നാല് വേരിയേഷനുകളെങ്കിലും ഉണ്ടാകുമെന്നും ചാഹല്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അടുത്ത പന്ത് എങ്ങനെ വരുമെന്ന് ബാറ്റ്‌സ്മാന്മാര്‍ എപ്പോഴും ചിന്തിക്കുമെന്നും താരം പറഞ്ഞു.

അതേസമയം, റ്വിസ്റ്റ് സ്പിന്നര്‍മാര്‍ കളി ജയിപ്പിക്കുമെന്ന അമിത വിശ്വാസവും ചാഹലിനില്ല.

”റ്വിസ്റ്റ് സ്പിന്നര്‍മാര്‍ ഇപ്പോഴത്തെ ട്രെന്റ് ആണ്. പക്ഷെ റ്വിസ്റ്റ് സ്പന്നര്‍മാരുണ്ടെങ്കില്‍ കളി ജയിക്കണമെന്ന് ഉറപ്പില്ല. പക്ഷെ ഇംഗ്ലണ്ടിലേയും അയര്‍ലാന്‍ഡിലേയും സാഹചര്യങ്ങലേയും സ്പിന്നര്‍മാരെ സഹായിക്കുമെന്ന് തോന്നുന്നു. ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. അത് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ട്. ” താരം പറഞ്ഞു.

തന്റെ ആദ്യ ഇംഗ്ലീഷ് പര്യടനമാണെന്നും അതുകൊണ്ടു തന്നെ മികച്ചൊരു അനുഭവമാക്കി മാറ്റണമെന്നും ചാഹല്‍ പറയുന്നു. അതേസമയം, കുല്‍ദീപ് യാദവുമൊത്തുള്ള പാര്‍ട്ണര്‍ഷിപ്പിനെ ചാഹല്‍ ഏറെ അഭിനന്ദിക്കുകയും ചെയ്തു. മധ്യ ഓവറുകളില്‍ വിക്കറ്റ് എടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അത് എതിരാളികളെ സമ്മര്‍ദ്ധത്തിലാക്കുമെന്നും ചാഹല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ