റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഏറെ നിരാശയിലാണ്. ഐപിഎല്ലിൽ ഓരോ മൽസരം കഴിയുമ്പോഴും തന്റെ ടീമിന്റെ പ്രകടനം മോശമായി മാറുന്നത് കോഹ്‌ലിയെ ഏറെ ദുഃഖിതനാക്കുന്നുണ്ട്. ഈ ഐപിഎൽ സീസണിൽ കാര്യമായി എടുത്തു പറയത്തക്ക നല്ലൊരു മൽസരം ബാംഗ്ലൂർ ടീമിന് കാഴ്ച വയ്ക്കാനായിട്ടില്ല. മറ്റേതു ടീമിനെക്കാളും മികച്ച കളിക്കാരുണ്ടായിട്ടാണ് ആർസിബിക്ക് ഈ അവസ്ഥയുണ്ടായത്.

ഇന്നലെ നടന്ന കിങ്സ് ഇലവൻ പഞ്ചാബുമായുളള മൽസരത്തിലും ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങി. 138 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 119 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ക്രിസ് ‌‌ഗെയ്ൽ പൂജ്യത്തിനു പുറത്തായി. വിരാട് കോഹ്‌ലി ആറും എ.ബി ഡിവില്ലിയേഴ്സ് 10 റൺസുമാണ് എടുത്തത്. മൽസരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വികാരീധനായാണ് കോഹ്‌ലി സംസാരിച്ചത്.

”ഇത് തികച്ചും വേദനാജനകമാണ്. ഇത്തരത്തിലുളള ഒരു മൽസരത്തെക്കുറിച്ച് എനിക്കെന്തു പറയണമെന്നറിയില്ല. ഈ സീസണിൽ ആദ്യ തവണയല്ല ഇങ്ങനെ നടക്കുന്നത്. ഇതിനു മുൻപും നിരവധി തവണ ഇങ്ങനെയുണ്ടായി. ഞങ്ങൾ നല്ല രീതിയിൽ ബാറ്റിങ് ചെയ്യണമെന്നു ശ്രമിക്കും. പക്ഷേ അത് നടക്കുന്നില്ല. എല്ലാ ടീമംഗങ്ങളും ഒരുമിച്ച് വൻ സ്കോർ നേടാൻ ശ്രമിക്കാറുണ്ട്. പക്ഷേ അതിനു കഴിയുന്നില്ല. വിക്കറ്റുകൾ പെട്ടെന്ന് പോകുന്നു. മറ്റൊന്നും എനിക്ക് കൃത്യമായി പറയാനാവുന്നില്ല”.

”ഞങ്ങൾക്ക് ശ്രമിക്കാവുന്നിടത്തോളം പോസിറ്റീവായി ഞങ്ങൾ കളിക്കാറുണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾ ചെയ്തതുപോലെ എല്ലാ മുന്നൊരുക്കങ്ങളും ഇത്തവണയും നടത്തിയിരുന്നു. എന്നാൽ ഈ സീസൺ ഞങ്ങൾ ആഗ്രഹിച്ചതുപോലെയല്ല ഞങ്ങൾക്കു തന്നത്. ഐപിഎല്ലിന്റെ 10 വർഷത്തിനിടയിൽ ആദ്യമായാണ് ബാംഗ്ലൂർ ടീമിലുളള എബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്‌ലി, ക്രിസ് ഗെയ്‌ൽ, ഷോൺ വാട്സൺ തുടങ്ങിയ വൻ നിര കളിക്കാർ മോശം പ്രകടനം നടത്തുന്നത്”- കോഹ്‌ലിയുടെ വാക്കുകൾ.

12 മൽസരങ്ങൾ കളിച്ചതിൽ ഒൻപതു മൽസരങ്ങളും ബാംഗ്ലൂർ തോറ്റിരുന്നു. അഞ്ചു പോയിന്റുമായി പട്ടികയിൽ അവസാനത്തെ സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ