/indian-express-malayalam/media/media_files/uploads/2018/03/du-plessis-smith759.jpg)
ജൊഹന്നാസ്‌ബർഗ്: പന്തിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ ഒരു വർഷത്തെ വിലക്കിന് ശിക്ഷിക്കപ്പെട്ട ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്. തനിക്ക് സ്റ്റീവ് സ്മിത്തിനോട് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ ദക്ഷിണാഫ്രിക്കൻ നായകൻ, ഓസീസ് ക്യാപ്റ്റന് വിധിച്ച ശിക്ഷ കൂടിപ്പോയെന്നും വിമർശിച്ചു.
"ഭ്രാന്തമായ ആഴ്ചയാണ് കഴിഞ്ഞുപോയത്. അദ്ദേഹം കടന്നുപോകുന്ന അവസ്ഥയോട് എനിക്ക് സഹതാപം ഉണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എന്നാൽ മോശപ്പെട്ട അവസ്ഥയിൽ പിടിക്കപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്," ഡുപ്ലെസിസ് പറഞ്ഞു. "ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശമയച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ആഴത്തിൽ നിന്നുളള വേദനയിൽ നിന്നാണ് ഞാനത് അയച്ചത്. ഇത്തരം അവസ്ഥയിലൂടെ ആളുകൾ കടന്നുപോകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരും ദിവസങ്ങൾ അദ്ദേഹത്തെ കൂടുതൽ വിഷമിപ്പിച്ചേക്കാം. അതിനാലാണ് അദ്ദേഹത്തിന് ഞാനെന്റെ പിന്തുണ അറിയിച്ചത്. അദ്ദേഹം ശക്തനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," സ്റ്റീവ് സ്മിത്തിന് അയച്ച സന്ദേശത്തെ കുറിച്ച് ഡുപ്ലെസിസ് വ്യക്തമാക്കി.
ഐസിസി തങ്ങളുടെ ശിക്ഷ പുന:പരിശോധിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്താണ് ഡുപ്ലെസിസ് സംസാരിച്ചത്. "ശിക്ഷ കൂടുതലാണെന്ന് ഞാൻ കരുതുന്നു. സ്ഥിരതയ്ക്ക് വേണ്ടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇവിടെ ഒരുപാട് കാലപ്പഴക്കമുളള പലതുമുണ്ട്," ഡുപ്ലെസിസ് പറഞ്ഞു.
കേപ് ടൗണിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പന്തിൽ കൃത്രിമത്വം കാണിക്കാൻ നടത്തിയ ശ്രമമാണ് ഓസീസ് താരങ്ങളെ കുരുക്കിയത്. പന്തിൽ കൃത്രിമത്വം കാട്ടിയ ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും സംഭവത്തിലെ ഗൂഢാലോചനയുടെ പേരിൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.