ബെംഗളുരു: ഐഎസ്എല്ലിൽ ആദ്യ സീസണിൽ തന്നെ ബെംഗളുരു എഫ് സി നടത്തിയ മുന്നേറ്റം ചെറുതല്ല. കപ്പിൽ മുത്തമിടുമെന്ന് ഏവരും ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ചത് പോലും ബെംഗളുരു എഫ് സി യെയാണ്. ഐഎസ്എൽ നഷ്ടമായെങ്കിലും സൂപ്പർ കപ്പാണ് ഇപ്പോൾ മറ്റെല്ലാവരെയും പോലെ ബെംഗളുരുവിന്റെയും ലക്ഷ്യം.

എന്നാൽ ബെംഗളുരുവിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ചൈനീസ് ഫുട്ബോൾ ക്ലബ് മുന്നോട്ട് വച്ച വമ്പൻ ഓഫർ സ്വീകരിക്കേണ്ട എന്നുണ്ടെങ്കിൽ പ്രതിഫലം വർദ്ധിപ്പിക്കണമെന്നാണ് സൂപ്പർ താരം ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സ്പോർട്സ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ക്ലബ് വിടേണ്ട എന്നുണ്ടെങ്കിൽ പ്രതിഫലം വർദ്ധിപ്പിക്കണമെന്ന ആവശ്യം സൂപ്പർ താരമായ മികു മുന്നോട്ട് വച്ചിരിക്കുന്നത്. “ഇന്ത്യൻ ക്ലബുകൾ നൽകുന്നതിനേക്കാൾ ആറോ ഏഴോ മടങ്ങ് അധികം പ്രതിഫലം നൽകും” മിക്കു പറഞ്ഞു.

ബെംഗളുരുവിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് മികു. ഈ സീസണിൽ 15 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. “ബെംഗളുരു എഫ് സി എന്നെ വിൽക്കില്ല. രണ്ട് ചൈനീസ് ക്ലബുകൾ രണ്ട് വട്ടം എന്നെ സമീപിച്ചു. എനിക്കറിയാം ബെംഗളുരുവിന് എന്നെ ഇവിടെ വേണമെന്ന്. പക്ഷെ എനിക്കെന്റെ കുടുംബത്തെയും കരിയറിനെയും കുറിച്ച് ചിന്തിക്കാതെ പറ്റില്ല,” മികു പറഞ്ഞു.

“ഞാനിപ്പോഴും ചെറുപ്പമാണ്. ഞാനീ രാജ്യം ആസ്വദിക്കാനാണ് ഇങ്ങോട്ട് വന്നത്. ഇപ്പോൾ ഞാൻ മാത്രമേ ഇവിടെയുളളൂ. കുടുംബം സ്പെയിനിലാണ്. അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും മോശം കാര്യം. എനിക്കിവിടെ ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടമല്ല. അതുകൊണ്ട് എനിക്കേറെ കാര്യങ്ങളിൽ തീരുമാനം എടുക്കാനുണ്ട്,” മികു വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ