അയാൾക്കൊപ്പം ടെന്നിസ് കോർട്ടിൽ കളി തുടങ്ങിയ സമകാലികരെ ഇന്ന് കോച്ചിന്റെ കുപ്പായത്തിൽ കണ്ടേക്കാം. ജൂനിയറായ താരങ്ങളിൽ ഒട്ടുമുക്കാൽ പേരും റാക്കറ്റ് വച്ച് വിരമിക്കൽ പ്രഖ്യാപിച്ചു. അപ്പോഴും ലിയാണ്ടർ പേസ് എന്ന 44കാരൻ അടുത്ത ടെന്നിസ് കാലത്തേക്കുള്ള പരിശീലനത്തിലാണ്.

“നേടേണ്ടതെല്ലാം ഞാൻ നേടിയില്ലേ? ഇനിയെന്ത് ലക്ഷ്യമാണ് കുറിക്കേണ്ടത്?”, കളിക്കളത്തിൽ ഇപ്പോഴും തുടരാൻ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഇല്ലെന്ന് പറയുകയായിരുന്നു അദ്ദേഹം. 18 ഗ്രാന്റ്സ്ലാം കിരീടങ്ങളും ഒളിംപിക് മെഡലും കൈയ്യിൽ വച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെന്നിസ് കളിക്കാരൻ അടുത്ത സീസണിലേക്കുള്ള പരിശീലനം നടത്തുന്നത്.

സ്ഥിരത, സ്‌കിൽ, ശരീര ഭാരം തുടങ്ങി തന്റെ ഫിറ്റ്‌നെസിനെ വളരെ കരുതലോടെ കൈകാര്യം ചെയ്യുകയാണ് ലിയാണ്ടർ പേസ് ഇപ്പോഴും. “ഇപ്പോഴത്തെ യുവതാരങ്ങളെല്ലാം ആറടി മൂന്നിഞ്ചും ആറടി അഞ്ചിഞ്ചും ഉയരമുള്ളവരാണ്. അവർക്ക് നല്ല ശക്തിയുണ്ട്. അതുകൊണ്ട് തന്നെ ഓരോ അടിയിലും ബോൾ മടക്കണമെങ്കിൽ താരതമ്യേന കുറവ് സമയമേ നമുക്ക് ലഭിക്കൂ. സെർവ് കൂടുതൽ ശക്തമായിരിക്കാൻ, ശാരീരിക ശേഷി കൂട്ടിയേ തീരൂ”, പേസ് പറയുന്നു.

“ഇപ്പോൾ ശാരീരിക ക്ഷമതയിലും പുതിയ ലക്ഷ്യങ്ങളും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ഞാൻ. എല്ലാ നേട്ടങ്ങളും ഞാൻ സ്വന്തമാക്കി. ഇനി പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം”, അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഇപ്പോൾ ഞാൻ എനിക്ക് വേണ്ടിയാണ് കളിക്കുന്നത്. ലിയാണ്ടർ പേസിന് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കുമെന്ന് ലോകത്തെ കൊണ്ട് പറയിക്കുകയാണ് എന്റെ ലക്ഷ്യം. നമ്മൾ ജീവിക്കുന്നത് വളരെ പ്രതിസന്ധി നിറഞ്ഞ കാലത്താണ്. പട്ടിണിയും തീവ്രവാദവുമാണ് എല്ലായിടത്തും. ജീവിതച്ചിലവും അഴിമതിയും ഒരേപോലെ ഉയരുന്നു. ഇവിടെ ഒരു മാതൃകയുടെ ആവശ്യമുണ്ട്. അങ്ങിനെയൊന്നാകാനാണ് എന്റെ ശ്രമം”, പേസ് പറഞ്ഞു.

കളിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത് എന്ന് പറഞ്ഞ താരം, ഏഷ്യൻ ഗെയിംസോ, ഒളിംപിക്സോ കളിക്കാൻ അവസരം ലഭിച്ചാൽ കളിക്കുമെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ