ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം എമിറേറ്റ്സ് വിമാനത്തിൽ മുംബൈയിലെത്തിയതായിരുന്നു ഇന്ത്യൻ താരം. അവിടെനിന്നും നേരെ അന്ധേരി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. പാൽഗറിലെ വീട്ടിലേക്ക് പോകാനായി ലോക്കൽ ട്രെയിനിൽ കയറി. ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത ഇന്ത്യൻ താരത്തെ കണ്ട് യാത്രക്കാർ അമ്പരന്നുപോയി. ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ശ്രദ്ധുൽ ഠാക്കൂറാണ് വിമാനത്തിനുപകരം ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തത്. തന്റെ ട്രെയിൻ യാത്രയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ ശ്രദ്ധുൽ പറഞ്ഞത് ഇങ്ങനെ;

”ട്രെയിനിൽ യാത്ര ചെയ്യുന്നത് ഞാൻ പതിവാണ്. ഇത്തവണ ദക്ഷിണാഫ്രിക്കയിൽനിന്നും മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി. അതിനുശേഷം അന്ധേരിയിലെത്തി പാൽഗറിലേക്കുളള ട്രെയിൻ കയറി. ബിസിനസ്സ് ക്ലാസ്സിൽനിന്ന് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറി. ഹെഡ്ഫോൺ ചെവിയിൽവച്ച് പാട്ടുകേട്ടാണ് ഇരുന്നത്. എത്രയും പെട്ടെന്ന് വീട്ടിൽ എത്തണമെന്നേ ആഗ്രഹിച്ചുളളൂ. അപ്പോഴാണ് ചിലർ എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നത് ശ്രദ്ധിച്ചത്. അവർക്ക് ഞാൻ ശ്രദ്ധുൽ ഠാക്കൂർ ആണോയെന്ന സംശയമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന കുറേ കുട്ടികൾ ഗൂഗിളിൽ എന്റെ ഫോട്ടോ നോക്കി ഞാൻ ശ്രദ്ധുൽ തന്നെയാണെന്ന് ഉറപ്പുവരുത്തി. അതിനുശേഷം സെൽഫി എടുക്കാനായി എന്റെ അടുത്തുവന്നു”.

”ആ ട്രെയിനിൽ ഉണ്ടായിരുന്ന കുറേ പേർക്ക് എന്നെ പരിചയമുണ്ടായിരുന്നു. കാരണം അവരൊക്കെ ആ ട്രെയിനിലെ സ്ഥിരം യാത്രക്കാരാണ്. ഞാൻ മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന സമയത്തേ അവർക്കെന്നെ അറിയാം. അവർ എന്നെ നോക്കി മറ്റുളളവരോടായി ഇന്ത്യൻ ടീമിനു വേണ്ടിയാണ് ഞാൻ ഇപ്പോൾ ളിക്കുന്നതെന്ന് പറഞ്ഞു. എനിക്കത് കേട്ടപ്പോൾ സന്തോഷം തോന്നി. അപ്പോഴും ഒരു ഇന്ത്യൻ താരം ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നോ? എന്ന അദ്ഭുതമായിരുന്നു മറ്റുളളവരുടെ മുഖത്ത് ഉണ്ടായിരുന്നത്” ശ്രദ്ധുൽ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന മൽസരങ്ങളിൽ ശ്രദ്ധുല്‍ കളിച്ചിരുന്നു. രണ്ട് മൽസരങ്ങള്‍ കളിച്ച ഇരുപത്തിയാറുകാരനായ ശ്രദ്ധുൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ