കഴിഞ്ഞുപോയ കാലത്തെ ഓർമകൾ പങ്കുവച്ച് വികാരഭരിതനായി ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രീത് ബുംറ. ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ തുറന്നുപറയുകയാണു താരം. മുംബൈ ഇന്ത്യന്‍സ് പങ്കുവച്ച വീഡിയോയിലാണു ചെറുപ്പത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ ക്കുറിച്ച് ബുംറ തുറന്നുപറഞ്ഞത്. ബുംറയുടെ അമ്മ ദാല്‍ജിത്ത് ബുംറയും വീഡിയോയിലുണ്ട്.

അഞ്ച് വയസുള്ളപ്പോള്‍ ബുംറയുടെ അച്ഛന്‍ മരിച്ചെന്നും പിന്നീട് ജീവിതം ഏറെ ബുദ്ധിമുട്ടേറിയതായെന്നും ദാല്‍ജിത്ത് പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബുംറ ആദ്യമായി ഐപിഎല്‍ കളിക്കാനിറങ്ങിയതു ടിവിയിലൂടെ കണ്ടപ്പോള്‍ കരച്ചിലടക്കാന്‍ കഴിഞ്ഞില്ലെന്നും ദാല്‍ജിത്ത് പറയുന്നു. ആ കാലങ്ങളില്‍ മാനസികമായും ശാരീരികമായും ബുംറ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നും അമ്മ ദാല്‍ജിത്ത് പങ്കുവച്ചു.

Read Also: ‘പോയതിനേക്കാള്‍ കരുത്തോടെ തിരിച്ചുവരും’; ആവേശമായി ബുംറയുടെ ട്വീറ്റ്

ചെറുപ്പത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ജസ്പ്രീത് ബുംറയും തുറന്നുപറഞ്ഞു. “അച്ഛന്റെ മരണശേഷം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒന്നും വാങ്ങാന്‍ പണമില്ലാത്ത കാലമായിരുന്നു. ഒരു ജോഡി ഷൂസും ഒരു ടീഷര്‍ട്ടും മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. എല്ലാദിവസവും അതു കഴുകി വൃത്തിയാക്കും. അടുത്ത ദിവസവും അതു തന്നെ ഉപയോഗിക്കും. ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു,” ബുംറ പറഞ്ഞു. ചെറുപ്പത്തില്‍ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളുമാണു തന്നെ ശക്തിപ്പെടുത്തിയതെന്നും ബുംറ പറയുന്നു.

2013ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി പന്തെറിഞ്ഞു കായികലോകത്തിന്റെ ശ്രദ്ധ നേടിയ ബുംറ ആറു വർഷത്തിനുള്ളിൽ ഏകദിനത്തിലെ ഒന്നാം നമ്പർ ബോളറായി. പരുക്കുമൂലം ലണ്ടനിൽ ചികിത്സയിലാണ് ബുംറ ഇപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook