37ാം വയസിലും പ്രായത്തെ വെല്ലുവിളിച്ച് മുന്നേറുന്ന ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡര്‍ യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ തന്നെ പുറത്തായിരിക്കുകയാണ്. ഓസീസ് താരമായ ജോണ്‍ മില്‍മാനെതിരെ 3-6, 7-5,7-6 (7), 7-6(3) ന് ആണ് ഫെഡററുടെ പരാജയം. 2004 തൊട്ട് ഇതുവരെ ഒരു ഗ്രാന്റ് സ്ലാമിന്റെ ക്വാര്‍ട്ടറിലെത്താതെ ഫെഡറര്‍ ഇത് നാലാമത്തെ തവണ മാത്രമാണ് പുറത്താകുന്നത്.

തന്റെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണമായി ഫെഡറര്‍ പറയുന്നത് അതികഠിനമായ ചൂടിനെയാണ്. ”വളരെ ചൂടേറിയ രാത്രിയായിരുന്നു അത്. എനിക്ക് ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ക്കുലേഷന്‍ തന്നെ ഇല്ലായിരുന്നു. രാത്രിയില്‍ മൊത്തം ഒരുപാട് ബുദ്ധിമുട്ടി, കഠിനമായിരുന്നു അത്.” മത്സരശേഷം ഫെഡറര്‍ പറഞ്ഞു.

”ഇതാദ്യമായാണ് ഇങ്ങനെ എനിക്ക് അനുഭവപ്പെടുന്നത്” അദ്ദേഹം പറയുന്നു. എക്കാലത്തേയും മഹാന്മാരിലൊരാളായ ഫെഡററിന്റെ പരാജയം ടെന്നീസ് ലോകത്തിന് തന്നെ ഞെട്ടലായി മാറിയിരിക്കുകയാണ്. 55 ാം റാങ്കുകാരനായ ജോണ്‍ ഇതാദ്യമായാണ് ടോപ്പ് പത്തിലുള്ള ഒരാളെ പരാജയപ്പെടുത്തുന്നത്. ഇതാദ്യമായാണ് ആദ്യ 50 റാങ്കിന് പുറത്തുള്ള ഒരാളോട് പരാജയപ്പെടുന്നതും.

”ഇത് പോലുള്ള സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ മറ്റ് കാര്യങ്ങളും കൈ വിട്ടു പോകും. പക്ഷെ വളരെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ ഞാന്‍ പരിശീലിച്ചിട്ടുണ്ട്. 49 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പകല്‍ വരെ കളിച്ചിട്ടുണ്ട്. പക്ഷെ ചില ദിവസം ശരീരം കൂടെ നിന്നെന്ന് വരില്ല.” അദ്ദേഹം പറയുന്നു.

മൂന്ന് മണിക്കൂറും 34 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ജോണ്‍ മില്‍മാനിന്റെ അട്ടിമറി വിജയം. ആദ്യ സെറ്റില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും തന്നില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് കളിക്കുകയായിരുന്നെന്ന് ജോണ്‍ പറഞ്ഞു.

രണ്ടാം സീഡായ ഫെഡറര്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒരു സെറ്റ്‌പോലും നഷ്ടപ്പെടുത്താതെയാണ് മുന്നേറിയത്. തന്റെ ആറാം കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ഫെഡറര്‍ എന്നാല്‍ 4-ാം സെറ്റിലേക്ക് നീണ്ട പോരാട്ടത്തില്‍ അടിയറവ് പറയുകയായിരുന്നു.

വനിത വിഭഗത്തില്‍ മരിയ ഷറപ്പോവയും പുറത്തായി. സ്‌പെയിനിന്റെ കാര്‍ലാ സുവാരസാണ് ഷറപ്പോവയെ അട്ടിമറിച്ചത്. തന്റെ ജന്മദിനത്തിലായിരുന്നു കാര്‍ലയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ അട്ടിമറി വിജയം. അതേസമയം നൊവാക്ക് ജോക്കോവിച്ചിനും സെറീന വില്യംസിനും വിജയം, യുഎസ് ഓപ്പണ്‍ ക്വര്‍ട്ടറില്‍ കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook