ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച അക്രമണകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ഓപ്പണറായി ഇറങ്ങി ഇന്നിങ്സിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ആരാധകരെ ത്രസിപ്പിക്കുന്ന സെവാഗ് തന്റെ ബാറ്റിങ് അത്രത്തോളം ആസ്വാദിക്കുന്ന വ്യക്തിയാണ്. ബാറ്റിങ്ങിനിടയിൽ പാട്ട് പാടി കളിക്കുന്ന സെവാഗ് പലപ്പോഴും എതിരാളികൾക്കും ആരാധകർക്കും അത്ഭുതമായിരുന്നു.
അത്തരത്തിൽ താൻ പാടിയിരുന്ന പാട്ടുകളെക്കുറിച്ച് ഒരു ചാറ്റ് ഷോയിൽ താരം മനസ് തുറന്നു. തന്റെ ബാറ്റിങ്ങുകൊണ്ട് മാത്രമല്ല പാട്ടുപാടാനുള്ള കഴിവുകൊണ്ടും താൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം താരങ്ങളെ രസിപ്പിച്ചിരുന്നതായും സെവാഗ് കൂട്ടിച്ചേർത്തു.
ബാറ്റ് ചെയ്യുമ്പോൾ താൻ ഏറ്റവും കൂടുതൽ പാടാൻ ഇഷ്ടപ്പെടുന്ന പാട്ട് ‘മേരെ ജീവൻ സാഥി’ എന്ന ചിത്രത്തിലെ കിഷോർ കുമാറിന്റെ ചാല ജാതാ ഹൂൺ എന്ന ഗാനമാണെന്ന് സെവാഗ് പറഞ്ഞു. പാട്ടിന്റെ തിരഞ്ഞെടുപ്പ് തന്റെ ഇന്നിംഗ്സിന്റെ വേഗതയെ ആശ്രയിച്ചായിരുന്നുവെന്നും സെവാഗ് പറഞ്ഞു. കൂടുതൽ റൺസ് കണ്ടെത്താൻ സാധിച്ചാൽ ബോളിവുഡ് പാട്ടുകൾ പാടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കൽ പാക്കിസ്ഥാന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ യാസിർ ഹമീദ് ഷോർട്ട് ലെഗിൽ നിൽക്കവേ ഒരു കിഷോർ കുമാർ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ട ഒരു സംഭവത്തെ സെവാഗ് അനുസ്മരിച്ചു. താരം പാട്ട് പാടുകയും ബാറ്റിങ്ങിലൂടെയും പാട്ടിലൂടെയും എതിർ നിരയിലെ താരങ്ങളെ രസിപ്പിച്ചതായും സെവാഗ് പറഞ്ഞു.