ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി ഇനി നീലകുപ്പായത്തിൽ കളിക്കാനുള്ള സാധ്യത താൻ കാണുന്നില്ലെന്ന് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹതാരവുമായ ഹർഭജൻ സിങ്. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്ക് വരാനിരിക്കുന്നത് ഗംഭീര ഇന്ത്യൻ പ്രീമിയർ ലീഗ് സീസണായിരിക്കും. എന്നാൽ ഇന്ത്യൻ ടീമിലേക്ക് ഇനി താരത്തെ പ്രതീക്ഷിക്കുന്നില്ലെന്ന് ഹർഭജൻ പറഞ്ഞു. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ധോണിയെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഹർഭജന്റെ പ്രതികരണം.

Also Read: കൊൽക്കത്തൻ വമ്പന്മാർ ഒന്നിക്കുന്നു; എടികെയുമായി ലയിച്ച് മോഹൻ ബഗാൻ ഐഎസ്എല്ലിലേക്ക്

“ഇനി ഇന്ത്യയ്ക്ക് വേണ്ടി ധോണി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 2019 ഏകദിന ലോകകപ്പ് വരെയാണ് അദ്ദേഹം കളിക്കാൻ തീരുമാനിച്ചിരുന്നത്. ഇപ്പോൾ ഐപിഎല്ലിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ധോണി,” ഹർഭജൻ പറഞ്ഞു. നേരത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ധോണിയെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുമെന്ന് മുഖ്യപരിശീലകൻ രവി ശാസ്ത്രി അറിയിച്ചിരുന്നു. എന്നാൽ ഐപിഎല്ലിൽ തിളങ്ങാൻ ധോണിക്ക് ആകുമെന്നും പക്ഷെ ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

Also Read: രാജ്കോട്ടിൽ കോട്ട കെട്ടാൻ ഇന്ത്യ; ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത

ഇന്നലെ പ്രഖ്യാപിച്ച ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ നിന്ന് എം.എസ്.ധോണിയെ ഒഴിവാക്കിയിരുന്നു. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വാർഷിക കരാറിൽനിന്നു താരത്തെ ഒഴിവാക്കിയത്. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള കരാറുകളാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ എ കാറ്റഗറിയിലായിരുന്നു ധോണി.

Also Read: ധോണി യുഗം അവസാനിച്ചോ? ബിസിസിഐ വാർഷിക കരാറിൽനിന്നു താരത്തെ ഒഴിവാക്കി

2014ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ധോണി 2017ൽ ഏകദിന-ടി20 ടീമുകളുടെ നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. ലോകകപ്പിന്റെ സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു പിന്നാലെ ഇടവേളയെടുത്ത ധേണി പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook