രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച് നായകൻ രോഹിത് ശർമ്മ ഏകദിന കരിയറിൽ തന്റെ മൂന്നാം ഇരട്ട സെഞ്ചുറി നേട്ടമാണ് സ്വന്തമാക്കിയത്. 153 പന്തിൽ നിന്ന് 208 റൺസാണ് രോഹിത് നേടിയത്. ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി. ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് രോഹിത്തിന്റേത്.

നിർണ്ണായകമായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ ടീമിനെ രോഹിത് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ശിഖർ ധവാനുമൊത്ത് 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് കരുതലോടെയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു. 115 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി പിന്നിട്ടത്. എന്നാൽ പിന്നീടുള്ള 108 റൺസ് കേവലം 35 പന്തിൽ നിന്നാണ് രോഹിത് അടിച്ചെടുത്തത്. 12 പടുകൂറ്റൻ സിക്സറുകളും 13 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ക്ലാസിക്ക് ഇന്നിങ്സ്.

എന്നാല്‍ മറ്റുളളവരെ അപേക്ഷിച്ച് സിക്സ് നേടാന്‍ തനിക്ക് ശക്തമായ പ്രഹരത്തിന് സാധിക്കാറില്ലെന്ന് രോഹിത് പറയുന്നു. കൃത്യമായ ടൈംമിഗിലും ക്രീസുമായുളള പൊരുത്തപ്പെടലിലുമാണ് താന്‍ ആശ്രയിക്കാറുളളതെന്ന് രോഹിത് പറഞ്ഞു. ‘എബി ഡിവില്ലിയേഴ്സിനേയും ഗൈയിലിനേയും ധോണിയേയും പോലെ അല്ല ഞാന്‍. എനിക്ക് അവരുടെയത്രയും ശക്തിയില്ല. മൈതാനത്ത് നില്‍ക്കാന്‍ അപ്പോള്‍ ബുദ്ധി ഉപയോഗിക്കേണ്ടി വരും. എനിക്കുളള ശക്തി ഉപയോഗിച്ച് പന്തിനെ അതിര്‍ത്തി കടത്താന്‍ എന്ത് ചെയ്യണമെന്ന പദ്ധതി മെനയേണ്ടി വരും’, രോഹിത് പറഞ്ഞു.

‘സിക്സ് അടിക്കുക എന്നത് എളുപ്പമുളള കാര്യമല്ല. ഒരുപാട് പരിശീലനങ്ങള്‍ക്കും കഠിനാധ്വാനത്തിന് ശേഷവും മാത്രമെ ഇത് സാധ്യമാവുകയുളളു. ടിവിയില്‍ കാണുമ്പോള്‍ ക്രിക്കറ്റ് എളുപ്പമാണെന്ന് തോന്നാം, എന്നാല്‍ ഇതത്ര എളുപ്പമുളള കാര്യമല്ല’, രോഹിത് കൂട്ടിച്ചേര്‍ത്തു.

തന്റെ മൂന്ന് ഇരട്ട സെഞ്ചുറി നേട്ടങ്ങലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു എന്നതാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘രണ്ട് വീതം മത്സരങ്ങള്‍ നമ്മളും ഓസ്ട്രേലിയയും ജയിച്ച് നില്‍ക്കെ നിര്‍ണായകമായ അഞ്ചാം മത്സരത്തിലാണ് ഞാന്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്. ശ്രീലങ്കയ്ക്ക് എതിരെ മറ്റൊരു നിര്‍ണായക മത്സരത്തിലായിരുന്നു രണ്ടാമത്തെ നേട്ടം. ധര്‍മ്മശാലയിലെ പരാജയത്തിന് ശേഷമുളള ഈ പ്രകടനവും ഏറെ പ്രത്യേകതയുളളതാണ്. ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് കൊണ്ടുളള നേട്ടം എന്ന നിലയിലും ഞാന്‍ ഏരെ സന്തോഷവാനാണ്. അത്കൊണ്ട് തന്നെ എല്ലാ ഇരട്ട സെഞ്ചുറികളും എനിക്ക് പ്രിയ്യപ്പെട്ടതാണ്, അത് എന്റെ ടീമിനെ സഹായിച്ച ഘടകങ്ങള്‍ ആയത് കൊണ്ടാണ് ഞാന്‍ ഈ നേട്ടങ്ങള്‍ നെഞ്ചോട് ചേര്‍ക്കുന്നത്’, രോഹിത് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ