scorecardresearch
Latest News

ബൗളറെ നോക്കാറില്ല, ശ്രദ്ധ അയാളുടെ ബോളിലേക്ക് മാത്രം: റിഷഭ് പന്ത്

ജെയിംസ് ആൻഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് മുന്നിൽ ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ എല്ലാം തോറ്റ് മടങ്ങിയപ്പോൾ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് പന്തായിരുന്നു

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനം തുടരെ വിക്കറ്റുകൾ വീണു പതിസന്ധിയിലായ ഇന്ത്യൻ ബാറ്റിങ് നിരയെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന നിലയിലേക്ക് കൈപ്പിടിച്ചുയർത്തിയത് റിഷഭ് പന്ത് ആയിരുന്നു. ജെയിംസ് ആൻഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് മുന്നിൽ ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർ എല്ലാം തോറ്റ് മടങ്ങിയപ്പോൾ നങ്കൂരമിട്ട് കളിച്ച രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ.

അടുത്തിടെ ഏകദിന ക്രിക്കറ്റിലും ടി20യിലും മോശം ഫോമിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട അത്യുജ്ജ്വല ഇന്നിങ്‌സ് ആയിരുന്നു പന്തിന്റെത്. ടെസ്റ്റ് ക്രിക്കറ്റിൽ തൻെറ അഞ്ചാം സെഞ്ചുറിയും വിദേശത്ത് നാലാം സെഞ്ചുറിയുമാണ് പന്ത് ഇന്നലെ എഡ്ജ്ബാസ്റ്റണിൽ കുറിച്ചത്. 111 പന്തിൽ നിന്ന് 146 റൺസാണ് പന്ത് നേടിയത്.

പന്തിനു വേണ്ടി ലീച്ചിനെയാണ് ബെൻ സ്റ്റോക്സ് കരുതിവെച്ചിരുന്നത്. എന്നാൽ ലീച്ചിനെ തുടരെ ബൗണ്ടറി കടത്തി റിഷഭ് പന്ത് കത്തി കയറുകയായിരുന്നു. എല്ലാ ബൗളർമാരെയും കണക്കിന് തല്ലിയ പന്ത് ഒടുവിൽ ജോ റൂട്ടിന് മുന്നിൽ വീഴുകയായിരുന്നു.

ലീച്ചിനെതിരായ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോൾ താന്‍ ബൗളറെയല്ല പന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ മറുപടി.

“ഞാൻ ബൗളറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല; അവർ ചെയ്യുന്ന ബൗളിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.” പന്ത് പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇംഗ്ലണ്ടിൽ രണ്ട് സെഞ്ച്വറികൾ, ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഓരോ സെഞ്ച്വറികളും നേടിയ പന്ത് ഇതിനകം തന്നെ ഇന്ത്യക്ക് പുറത്ത് ഒരു വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയതിന് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഒരു ഘട്ടത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 എന്ന നിലയിൽ ആടിയുലയുകയായിരുന്നു, എന്നാൽ രവീന്ദ്ര ജഡേജയുടെ (163 പന്തിൽ 83 റൺസ്) പന്തിന്റെയും 239 പന്തിൽ 222 റൺസ് കൂട്ടുകെട്ട് മത്സരം മാറ്റിമറിച്ചു. ഇംഗ്ലണ്ട് ബൗളർമാരെ നിസ്സഹായരാക്കിയ പന്ത് 20 ബൗണ്ടറികളും നാല് സിക്‌സറുകളും പറത്തി.

എനിക്ക് ഇംഗ്ലണ്ട് ടീമിനെ ഇഷ്ടമാണ്, പക്ഷേ അതിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എല്ലാ മത്സരത്തിലും 100 ശതമാനം നൽകാനാണ് ഞാൻ നോക്കുന്നത്. എന്റെ കളിയിലാണ് എന്റെ ശ്രദ്ധ.” പന്ത് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: I dont focus on the bowler i focus on what he is bowling rishabh pant