ന്യൂഡല്‍ഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടിയതില്‍ സന്തോഷം പങ്കുവച്ച് പി.വി.സിന്ധു. താന്‍ നേടിയ വെള്ളിക്കും തിളക്കമുണ്ടെന്ന് പറഞ്ഞ സിന്ധു വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തി. തനിക്ക് സ്വര്‍ണം നഷ്ടമാവുകയല്ല ചെയ്തത്, വെള്ളി നേടുകയാണ് ചെയ്തതെന്നും താരം പറഞ്ഞു.

ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ സ്‌പാനിഷ് താരം കരോലിന മാരിൻ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷവും സിന്ധു ഫൈനലിൽ തോറ്റിരുന്നു. നിർണായക സമയത്ത് ഫോമിലേക്കുയർന്ന മാരിൻ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോർ: 21-19, 21-10.

മത്സരത്തില്‍ വെള്ളി നേടിയ സിന്ധു തന്റെ സ്വര്‍ണം താമസിയാതെ വരുമെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചു.

‘ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടിയതില്‍ ഞാന്‍ സന്തോഷവതിയാണ്. ഞാന്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതല്ല, വെള്ളി നേടുകയാണ് ചെയ്തത്’, സിന്ധു വ്യക്തമാക്കി. രണ്ടാം തവണയും ലോക ചാമ്പ്യന്‍ഷിപ് ഫൈനലില്‍ തോറ്റ സിന്ധുവിനെ സോഷ്യൽ മീഡിയയില്‍ നിരവധി പേര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിര്‍ണായകമായ മത്സരങ്ങളില്‍ സിന്ധുവിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പറ്റുന്നില്ല എന്നായിരുന്നു വിമര്‍ശനം.

ടീം അംഗങ്ങള്‍ക്കും സിന്ധു നന്ദി പറഞ്ഞു. ‘എന്റെ മികച്ച ടീം അംഗങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം തൂണു പോലെ അവര്‍ എന്റെ പിന്നില്‍ ഉറച്ചു നിന്നു. സ്പോൺസര്‍ക്കും പരിശീലകനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു’, സിന്ദു പറഞ്ഞു.

പതിവ് പോലെ തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് അവസാനം ആക്രമണത്തിലേക്ക് ഉയരുന്ന ശൈലിയാണ് മത്സരത്തില്‍ അന്ന് കരോലിന പുറത്തെടുത്തത്. അതോടെ സിന്ധുവിന് ആദ്യ സെറ്റിലെ ഊർജ്ജം പതിയെ നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സൈനയ്ക്ക് ആറ് ജയവും കരോലിനയ്ക്ക് ഏഴ് ജയവുമായി. നേരത്തെ ഒളിംപിക്സിലും സിന്ധുവിനെ കരോലിന വീഴ്ത്തിയിരുന്നു.

കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റ സിന്ധു തുടർച്ചയായ രണ്ടാം വർഷമാണ് വെള്ളി നേടുന്നത്. ഇതിനു പുറമെ, 2015, 2017 വർഷങ്ങളിൽ വെങ്കലവും നേടിയിട്ടുണ്ട്. നേരത്തെ, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ ക്വാർട്ടറിൽ വീഴ്ത്തിയാണ് കരോലിന മരിൻ സെമിയിലെത്തിയത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മാരിന്റെ മൂന്നാം സ്വർണമാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ