ട്വിസ്റ്റ്; ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗെയ്ല്‍
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം ഗെയ്ല്‍ വിരമിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, താന്‍ വിരമിക്കുന്നതായി ആരോടും പറഞ്ഞിട്ടില്ലെന്നാണ് ക്രിസ് ഗെയ്ല്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പുറത്തുവിട്ട വീഡിയോയിലാണ് ക്രിസ് ഗെയ്ല്‍ ഇക്കാര്യം പറയുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍ വീഡിയോയില്‍ പറയുന്നു.

ഇന്നലെയാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം കഴിഞ്ഞത്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

അവസാന ഏകദിനത്തിനായി കളത്തിലിറങ്ങിയ ക്രിസ് ഗെയ്‌ലിന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ അടക്കം യാത്രയയപ്പ് നല്‍കുകയും ചെയ്തിരുന്നു. പതിവ് ശൈലിയില്‍ ബാറ്റ് വീശിയ ഗെയ്ല്‍ 41 പന്തില്‍ നിന്നാണ് 72 റണ്‍സ് നേടിയത്. അഞ്ച് സിക്‌സറുകള്‍ അടങ്ങിയതായിരുന്നു ഗെയിലിന്റെ ഇന്നിങ്‌സ്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഗെയ്ല്‍ വിരമിച്ചു. നിറക്കയ്യടികളോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗെയ്‌ലിനെ മടക്കി അയച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ അടുത്തെത്തി ഗെയ്‌ലിനെ അഭിനന്ദിച്ചു. 301 ഏകദിനങ്ങള്‍ കളിച്ച ഗെയ്ല്‍ 10,480 റണ്‍സ് സ്വന്തമാക്കി. ഇതില്‍ 25 സെഞ്ചുറികളും 54 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 331 സിക്‌സും 1,128 സിക്‌സും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഏകദിന കരിയര്‍.

നേരത്തെ, ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ക്രിസ് ഗെയ്ല്‍ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമേ വിരമിക്കൂ എന്ന് പിന്നീട് അറിയിക്കുകയായിരുന്നു. എന്നാല്‍, വീണ്ടും ക്രിസ് ഗെയ്ല്‍ ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണ്.

Read Here: മായാതെ ആ ചിരി, തളരാതെ ഗെയിലാട്ടം; അവസാന ഏകദിനത്തിലും തല്ലിത്തകര്‍ത്ത് ഗെയ്ല്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook