ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ രണ്ടുപേരാണ് മുൻ ഓസിസ് നായകൻ റിക്കി പോണ്ടിങ്ങും ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങും. ഒരാൾ ബാറ്റുകൊണ്ടും രണ്ടാമത്തെയാൾ പന്തുകൊണ്ടും ക്രിക്കറ്റ് മൈതാനത്ത് അത്ഭുതം സൃഷ്ടിച്ചവർ. 2001ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം റിക്കി പോണ്ടിങ്ങിന്റെ കരിയറിൽ മറക്കാൻ പറ്റാത്തതാണ്. അതിന് കാരണം ഹർഭജൻ സിങ്ങാണെന്നും താരം പറയുന്നു.
മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് ശക്തമായ തിരിച്ചു വരവിലൂടെ പരമ്പര സ്വന്തമാക്കുകയായിരുന്നു. അഞ്ച് ഇന്നിങ്സുകളിൽ നിന്നായി അന്ന് റിക്കി പോണ്ടിങ്ങിന് സ്വന്തമാക്കാൻ സാധിച്ചത് കേവലം 17 റൺസ് മാത്രമായിരുന്നു. 3.4 റൺശരാശരിയിലായിരുന്നു പര്യടനത്തിൽ താരത്തിന്റെ ബാറ്റിങ് പ്രകടനം.
അന്ന് റിക്കി പോണ്ടിങ് നേരിടാൻ ഏറെ പ്രയാസപ്പെട്ടത് ഹർഭജൻ സിങ്ങിനെയായിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തി. ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയൻ താരത്തെ അക്കൗണ്ട് പോലും തുറക്കാൻ അനുവദിക്കാതെയാണ് ഹർഭജൻ കൂടാരം കയറ്റിയത്.
“ഹർഭജൻ സിങ്ങുമായി പലപ്പോഴും മികച്ച പോരാട്ടം നടന്നിട്ടുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ടെസ്റ്റിൽ മറ്റാരേക്കാളും അദ്ദേഹം ഏറ്റവും കൂടുതൽ തവണ പുറത്താക്കിയിട്ടുള്ളത് എന്നെയായിരിക്കും. 2001ൽ അദ്ദേഹം എന്നെ പുറത്താക്കിയത് മുതൽ എന്റെ സാങ്കേതികതയെ ഞാൻ സംശയിച്ചുതുടങ്ങി. കളിക്കാൻ മറ്റൊരു മാർഗവും കണ്ടെത്തി,” പോണ്ടിങ് പറഞ്ഞു.
പരമ്പരയിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ചതും ഹർഭജൻ സിങ്ങായിരുന്നു. 32 ഓസ്ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തി സന്ദർശകരെ തകർത്ത താരം ഹാട്രിക് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയത് ഇതേ പരമ്പരയിലായിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം മത്സരത്തിലാണ് ഹർഭജൻ ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായും ഹർഭജൻ മാറി.