കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകപദവിയിലേക്ക് വരെ എത്തിയ താരമാണ് വിരാട് കോഹ്‌ലി. ചെറുപ്പം മുതൽ ഏറെ കഷ്‌ടപ്പെട്ടാണ് താൻ ഇത്രത്തോളം ഉയരങ്ങളിലെത്തിയതെന്ന് കോഹ്‌ലി പലപ്പോഴും പറയാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വിവരിക്കുകയാണ് താരം. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് തനിക്ക് വളരെ മോശപ്പെട്ട അനുഭവമുണ്ടായെന്നാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ ഫുട്‌ബോൾ താരം സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലെെവിലാണ് കാേഹ്‌ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷനെതിരെ രംഗത്തെത്തിയത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ ഒരു അധികാരി തന്റെ അച്ഛനോട് കോഴ ചോദിച്ച അനുഭവമുണ്ടെന്ന് കോഹ്‌ലി പറഞ്ഞു. തന്നെ ടീമിൽ ചേർക്കണമെങ്കിൽ കോഴ നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടതെന്നും കോഹ്‌ലി പറഞ്ഞു.

Read Also: ‘ഉംപുൻ’ വന്ന വഴി; ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് എങ്ങനെ ?

“ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല മുന്നോട്ടു പോയിരുന്നത്. ഒരുപാട് അനിഷ്‌ട കാര്യങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്. ക്രിക്കറ്റ് അസോസിയേഷനിലെ ഒരാൾ എന്റെ അച്ഛനോട് കെെക്കൂലി ചോദിച്ചു. എന്നെ ടീമിൽ ചേർക്കണമെങ്കിൽ കെെക്കൂലി വേണമെന്നായിരുന്നു അയാൾ എന്റെ അച്ഛനോട് പറഞ്ഞത്. എന്റെ കഴിവ് വച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും കൂടുതലായി എന്തെങ്കിലും വേണമെന്നാണ് അയാൾ പറഞ്ഞത്. കഴിവുമാത്രം ഉണ്ടായിട്ട് കാര്യമില്ല, ഇങ്ങനെ ചില മോശം കാര്യങ്ങൾ കൂടി ചെയ്‌താലേ ടീമിൽ സ്ഥാനം കിട്ടൂ എന്ന് മനസിലായി,” കോഹ്‌ലി പറഞ്ഞു.

“വളരെ കഷ്‌ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ആളാണ് എന്റെ അച്ഛൻ. തെരുവ് വിളക്കിന്റെ അടിയിൽ ഇരുന്നാണ് അദ്ദേഹം പഠിച്ച് ജോലി സമ്പാദിച്ചത്. ഏറെ ബുദ്ധിമുട്ടി പഠിച്ച് അദ്ദേഹം ഒരു അഭിഭാഷകനായി. കെെക്കൂലി ചോദിക്കുന്നത് കേട്ട് അദ്ദേഹത്തിന് വല്ലാത്തൊരു ബുദ്ധിമുട്ടായി. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പോലും അദ്ദേഹത്തിനു മനസിലായില്ല. ‘സ്വന്തം പ്രയത്‌നത്തിൽ വിശ്വസിക്കുക, നേട്ടങ്ങൾ സ്വന്തമാക്കാൻ കുറുക്കുവഴികൾ തേടരുത്’ എന്ന ചിന്താഗതിക്കാരനായിരുന്നു എന്റെ അച്ഛൻ. കഴിവുകൾ കണക്കിലെടുത്ത് വിരാടിനെ ടീമിലെടുക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക, അല്ലാത്തപക്ഷം മറ്റൊരു വഴിയിലൂടെയും ടീമിൽ ഇടം നൽകേണ്ട എന്ന് എന്റെ അച്ഛൻ അവരോട് പറഞ്ഞു. കെെക്കൂലി നൽകില്ലെന്നും അച്ഛൻ ഉറപ്പിച്ചു പറഞ്ഞു. എന്നെ ടീമിലെടുത്തില്ല. ഞാൻ പൊട്ടിക്കരഞ്ഞു. എന്റെ ഹൃദയം തകർന്ന ദിവസമായിരുന്നു അത്,” ഇന്ത്യൻ നായകൻ വെളിപ്പെടുത്തി. “ഇങ്ങനെയൊക്കെയാണ് ലോകത്ത് നടക്കുന്നതെന്ന് എനിക്ക് ഇതോടെ മനസിലായി. കഠിന പ്രയത്‌നംകൊണ്ട് ജീവിതത്തിൽ മുന്നോട്ടു പോകണമെന്ന് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചു. പല കാര്യങ്ങളിലും അച്ഛൻ എനിക്ക് മാതൃക നൽകി.” കോഹ്‌ലി കൂട്ടിച്ചേർത്തു

Read Also: പരാജയപ്പെട്ടുപോയ നിങ്ങളുടെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യ്; അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റെയ്നയും ധവാനും

കോഹ്‌ലിക്ക് 18 വയസ്സുള്ളപ്പോൾ ആണ് അദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നത്. അച്ഛന്റെ മരണവാർത്ത അറിയുമ്പോൾ കോഹ്‌ലി ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുകയാണ്. കർണാടകയ്‌ക്കെതിരെയായിരുന്നു മത്സരം. രാത്രി വീട്ടിലേക്കു പോയി അച്ഛനെ അവസാനമായി കണ്ടശേഷം പിറ്റേദിവസം കോഹ്‌ലി കളിക്കളത്തിലേക്ക് തിരിച്ചെത്തി. കർണാടകയ്‌ക്കെതിരായ മത്സരത്തിൽ പാഡണിയുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook