എം.എസ്.ധോണി, വെറുമൊരു പേരല്ല അത്, ഒരു വികാരം തന്നെയാണ്. പക്ഷെ മൈതാനത്തിന് അകത്തും പുറത്തും ധോണി വികാരങ്ങള്‍ പുറത്ത് കാണിക്കാറില്ല. അമിത ആഹ്ലാദമോ ദേഷ്യമോ സങ്കടമോ ആ മുഖത്ത് വിരിയാറില്ല. അതുകൊണ്ടാണ് ധോണിയെ ക്രിക്കറ്റ് ലോകം ക്യാപ്റ്റന്‍ കൂള്‍ എന്നു വിളിക്കുന്നത്.
പക്ഷെ എങ്ങനെയാണ് ധോണി തന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നത്? ഈ ചോദ്യത്തിന് ധോണി തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. ലോകകപ്പിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിലാണ് ധോണി മനസ് തുറന്നിരിക്കുന്നത്. മറ്റേതൊരാളേയും പോലെ വികാരങ്ങളുണ്ടെന്നും എന്നാല്‍ അത് നിയന്ത്രിക്കാന്‍ തനിക്കാകുമെന്നും ധോണി പറയുന്നു.
Read More: ‘തല കളത്തിൽ തന്നെയുണ്ട്’; ലിയാൻഡർ പേസിനൊപ്പം ഫുട്ബോൾ കളിച്ച് എം.എസ്.ധോണി
”ഞാന്‍ എല്ലാവരേയും പോലെയാണ്. പക്ഷെ മറ്റാരേക്കാളും നന്നായി ഞാന്‍ അവയെ നിയന്ത്രിക്കും. മറ്റുള്ളവരെ പോലെ തന്നെ അമര്‍ഷവും ദേഷ്യവുമെല്ലാം തോന്നാറുണ്ട്. സങ്കടം തോന്നാറുണ്ട്. പക്ഷെ ഇതൊന്നും നിങ്ങളെ സ്വാധീനിക്കരുതെന്നതാണ് പ്രധാനപ്പെട്ടത്” ധോണി പറഞ്ഞു.
”ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനാണ് ഈ വികാരങ്ങളേക്കാള്‍ പ്രാധാന്യം. അടുത്തതായി എനിക്കെന്ത് പദ്ധതിയാണ് ഇടാനാവുക? അടുത്ത ആളാരാണ്? ആരായാണ് എനിക്ക് ഉപയോഗിക്കാനാവുക? ഇറങ്ങിക്കഴിഞ്ഞാന്‍ എന്റെ വികാരങ്ങളെ വളരെ നന്നായി തന്നെ എനിക്ക് നിയന്ത്രിക്കാനാകും” ധോണി വ്യക്തമാക്കുന്നു.
അന്തിമഫലത്തേക്കാള് മാര്‍ഗ്ഗത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഒരിക്കല്‍ കൂടി ധോണി ആവര്‍ത്തിച്ചു. തന്റെ ക്യാപ്റ്റന്‍സി കാലത്തുടനീളം ധോണി മുന്നോട്ടുവച്ച ആശയമായിരുന്നു അത്. ” ടെസ്റ്റ് ആണെങ്കില്‍ രണ്ട് ഇന്നിങ്സുണ്ട്. അടുത്ത നീക്കം പ്ലാന്‍ ചെയ്യാന്‍ കൂടുതല്‍ സമയമുണ്ട്. പക്ഷെ ടി20യില്‍ എല്ലാം വളരെ പെട്ടെന്നാണ്. അപ്പോള്‍ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്”.
Also Read: അവരെന്താണ് ചിന്തിക്കുന്നത് എന്നറിയില്ല, ധോണിയെ അവിടെ കണ്ടപ്പോള്‍ ഞെട്ടി: യുവരാജ് സിങ്
”ചിലപ്പോള്‍ ഞാനായിരിക്കാം തെറ്റ് ചെയ്തത്. ചിലപ്പോള്‍ ടീം മൊത്തമാകാം. പ്ലാന്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടാകില്ലെന്ന് വരാം. ടീമെന്ന നിലയില്‍ ടൂര്‍ണമെന്റ് വിജയിക്കുകയാണ് ലക്ഷ്യം. പക്ഷെ അത് ദീര്‍ഘദൂര ലക്ഷ്യമാണ്. അതിനെ ചെറിയ ഭാഗങ്ങളാക്കി വിഭജിക്കുകയാണ് വേണ്ടത്” ധോണി പറഞ്ഞു. 2007 ലെ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ബോള്‍ ഔട്ടിലൂടെ വിജയിച്ചത് ധോണി ഓര്‍മിപ്പിച്ചു.
”ആ ലോകകപ്പിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. ബോള്‍ ഔട്ട് അതിലൊന്നായിരുന്നു. എനിക്കോര്‍മ്മയുണ്ട്, പ്രാക്ടീസിന് പോകുമ്പോള്‍ ഞങ്ങള്‍ എന്നും ബോള്‍ ഔട്ട് പരിശീലിക്കുമായിരുന്നു. കാര്യം തമാശയാണ്. അതേസമയം, വിക്കറ്റ് വീഴ്ത്തുന്നവരെ ആവശ്യം വന്നാല്‍ ഉപയോഗിക്കാം എന്നു തീരുമാനിച്ചിരുന്നു” അദ്ദേഹം പറഞ്ഞു.