ജയ്പൂർ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ നിര്‍ണ്ണായക സമയത്ത് നോബോളെറിഞ്ഞ ജസ്പ്രീത് ബുംമ്രയെ പരോക്ഷമായി പരിഹസിച്ച് ജയ്പൂര്‍ ട്രാഫിക് പോലീസിന്റെ പരസ്യം ഏറെ ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പിഴവിനെ ബോധവത്കരണ പരസ്യത്തിന്റെ വിഷയമാക്കിയതിലുള്ള നീരസം പരോക്ഷമായി അറിയിച്ചു കൊണ്ടായിരുന്നു ബുംറയുടെ പ്രതികരണം. മനുഷ്യരായാൽ തെറ്റ് പറ്റുമെന്നാണ് ഞാൻ വിശ്യസിക്കുന്നതെന്നും നിങ്ങൾക്ക് ഒരു തെറ്റ് പറ്റിയാൽ താൻ അത് തമാശയാക്കില്ലെന്നും ബുംറ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘നന്നായിട്ടുണ്ട് ജയ്പൂർ ട്രാഫിക് പൊലീസ്, രാജ്യത്തിനായി നിങ്ങളുടെ ഏറ്റവും മികച്ച ജോലിക്ക് എത്രത്തോളം ബഹുമാനം ലലഭിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു. പക്ഷേ പേടിക്കേണ്ട, നിങ്ങളുടെ ജോലിയിൽ വരുന്ന വീഴ്ചകളെ ഞാൻ കളിയാക്കില്ല. മനുഷ്യരായാൽ തെറ്റ് സംഭവിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ തന്റെ ഫോട്ടോ വെച്ചുള്ള പരസ്യത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അടിക്കുറിപ്പായി ബുംറ കുറിച്ചു.

സീബ്രാ ലൈനിനരികില്‍ നില്‍ക്കുന്ന രണ്ട് കാറുകളുടെയും ബുംറ നോബോള്‍ എറിയുന്നതിന്റെയും ചിത്രം ആണ് പരസ്യത്തിനായി ജയ്പൂർ ട്രാഫിക് പൊലീസ് ഉപയോഗിച്ചത്. ലൈന്‍ മുറിച്ചുകടക്കരുത്, അതിന് വലിയ വില നല്‍കേണ്ടി വരും എന്ന പരസ്യവാചകം അതിന് താഴെ നല്‍കിയിട്ടുമുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ ഫഖാര്‍ സമാന്റെ വിക്കറ്റ് ബുംറ തുടക്കത്തിലെ വീഴ്ത്തിയിരുന്നെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതിനാല്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് ഫഖര്‍ സെഞ്ചുറി നേടി പാക്കിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ