ബ്രിട്ടീഷ് ബോക്സറും ലോകചാമ്പ്യനുമായ ആമിര്‍ ഖാന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങ്. കുട്ടികളോട് കളിക്കുന്നത് നിര്‍ത്തണമെന്നും ഏറ്റുമുട്ടലിന് താന്‍ തയ്യാറാണെന്നും വിജേന്ദര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ വേരുകളുളള ബ്രിട്ടീഷ് ബോക്സറായ ആമിര്‍ പല തവണ വിജേന്ദറിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയിട്ടില്ല.

വിജേന്ദറിന് തന്നെ പേടിയാണെന്നാണ് ഈയടുത്ത് ആമിര്‍ പറഞ്ഞത്. എന്നാല്‍ ജൂനിയര്‍ താരങ്ങളോട് മാത്രമാണ് ആമിറിന്റെ ബോക്സിങ് എന്ന് വിജേന്ദര്‍ തുറന്നടിച്ചു. ‘ആമിറുമായി പോരാട്ടത്തിന് ഞാന്‍ തയ്യാറാണ്. ജൂനിയര്‍ ബോക്സറെയാണ് അയാള്‍ തിരഞ്ഞെടുക്കുന്നത്. നീരജ് ഗോയട്ട് എന്നെക്കാള്‍ ജൂനിയറാണ്. അയാള്‍ പറയുന്ന ഏത് സമയത്ത് വേണമെങ്കിലും ഏറ്റുമുട്ടാന്‍ ഞാന്‍ തയ്യാറാണ്. കുട്ടികളോട് അടി കൂടുന്നത് അയാള്‍ നിര്‍ത്തട്ടെ,’ വിജേന്ദര്‍ പറഞ്ഞു.

പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇതുവരെ വിജേന്ദറിനെ ആര്‍ക്കും പരാജയപ്പെടുത്താനായിട്ടില്ല. തുടര്‍ച്ചയായി 11 വിജയങ്ങളാണ് അദ്ദേഹം നേടിയത്.

Read More: ചൈനക്കാരൻ മെയ്​മെയ്​തിയാലിയെയും ഇടിച്ചിട്ടു; വിജേന്ദറിന് ഒൻപതാം ജയം

നിലവില്‍ വിജേന്ദറും ആമിറും വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. ആമിര്‍ ഖാന്‍ മിഡില്‍വെയ്റ്റ് (72.5 കിലോ) വിഭാഗത്തിലും വിജേന്ദര്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് (76 കിലോ) വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടം സാധ്യമാവണമെങ്കില്‍ ആമിർ ഭാരം കൂട്ടുകയോ വിജേന്ദര്‍ ഭാരം കുറയ്ക്കുകയോ വേണം.

അമേരിക്കൻ പ്രൊഫഷണൽ ബോക്സിങ് സർക്യൂട്ടിലെ അരങ്ങേറ്റ മത്സരത്തിലും ഇന്ത്യൻ ബോക്‌സർ വിജേന്ദർ കുമാർ സിങ് വിജയിച്ചിരുന്നു. തന്നെക്കാൾ പരിചയ സമ്പന്നനായ മൈക്ക് സ്‌നൈഡറെ ടെക്നിക്കൽ നോക്കൗട്ടിലൂടെയാണ് വിജേന്ദർ ഇടിച്ചുവീഴ്ത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്ന വിജേന്ദർ പ്രൊഫഷണൽ റിങ്ങിലേക്ക് കളം മാറിയതിന് ശേഷമുള്ള തുടർച്ചയായ 11-ാം വിജയമാണ് കഴിഞ്ഞയാഴ്ച സ്വന്തമാക്കിയത്. പ്രൊഫഷണൽ റിങ്ങിൽ വിജേന്ദർ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook