നോർത്ത്സൗണ്ട്: വൈന്‍‌ പോലെ പഴകും തോറും തനിക്കും വീര്യം കൂടുമെന്ന് മുന്‍ ഇന്ത്യന്‍ നായകൻ മഹേന്ദ്ര സിങ് ധോണി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടത്തിന് ശേഷമായിരുന്നു ധോണിയുടെ പ്രതികരണം.

79 പന്തുകളില്‍ നിന്നും 78 റണ്‍സുമായി ഇന്ത്യയെ 250 റണ്‍സ് കടത്തുന്നതില്‍ ധോണി നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുന്‍നിര ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യക്കായി കൂടുതല്‍ റണ്‍ നേടിയിരുന്നത്. അതുകൊണ്ടു തന്നെ ഒരവസരം ലഭിച്ചപ്പോള്‍ മികച്ച സ്കോര്‍ കണ്ടെത്താനായത് സന്തേഷകരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച കൂട്ടുകെട്ടാണ് വേണ്ടിയിരുന്നതെന്നും കേദാര്‍ ജാദവ് കൂട്ടിനെത്തിയതോടെ മനസില്‍ കണ്ട 250 റണ്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമായെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്തായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിങ്ങ്സുകള്‍ പിറന്നിട്ടില്ല. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. ധോണിയെ ഇപ്പോഴും ബിസിസിഐ എ ഗ്രേഡ് താരമായി നിലനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്, സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ പ്രത്യേക സമിതി അംഗം രാമചന്ദ്ര ഗുഹ രാജിവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി, ഇപ്പോള്‍ ഏകദിനത്തിലും ഐപിഎല്ലിലും മാത്രമാണ് കളിക്കുന്നത്.

93 റൺസിനായിരുന്നു മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധോണിയുടെ 78 റൺസിന്റെയും ഓപ്പണർ അജിങ്ക്യ രഹാനെയുടെ 72 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 158 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.

ധോണിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി. വെസ്റ്റ് ഇന്റീസ് നിരയിൽ ജേസൻ മുഹമ്മദ് (40), റോമാൻ പവൽ (30), ഷായ് ഹോപ് (24) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും ആർ.അശ്വിനും ഇന്ത്യൻ ബൗളിംഗ് നിരയുടെ മൂർച്ച കാട്ടി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു.

അഞ്ച് മത്സര പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. ഒരു മൽസരം നേരത്തേ മഴയിൽ നഷ്ടപ്പെട്ടിരുന്നു. സ്കോർ: ഇന്ത്യ– 50 ഓവറിൽ നാലിന് 251. വിൻഡീസ്– 38.1 ഓവറിൽ 158.

ടോസ് നേടിയ വെസ്റ്റ് ഇന്റീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. മൂന്നാം ഓവറിൽ ഉയർത്തി അടിച്ച പന്ത് ശിഖർ ധവാനെ ബൗണ്ടറി ലൈനിൽ ചേസിന്റെ കൈകളിൽ എത്തിച്ചു. ഇതോടെയാണ് റൺ നിരക്ക് 3.5 ആയി കൂപ്പുകുത്തിയത്.

രഹാനെ താളം കണ്ടെത്തി കളിച്ചെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പത്താം ഓവറിൽ ഹോൾഡറിന്റെ പന്തിൽ കോഹ്‌ലി സ്ലിപ്പിൽ കൈൽ ഹോപ്പിന്റെ പിടിയിൽ അകപ്പെട്ടു.

ഒരു ഘട്ടത്തിൽ 20 ഓവറിൽ രണ്ടിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. 27-ാം ഓവറിൽ, സ്കോർ നൂറു കടന്നതോടെ യുവരാജ് സിംഗും (55 പന്തിൽ 39) പുറത്തായി. പിന്നീടാണ് ധോണി കളത്തിലെത്തിയത്. എന്നാൽ വേഗത്തിൽ രഹാനെയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. അപരാജിതമായ അഞ്ചാം വിക്കറ്റിൽ ധോണിയും ജാദവും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. ജാദവ് 26 പന്തിൽ 40 റൺസെടുത്തതോടെയാണ് ഇന്ത്യയുടെ സ്കോർ 250 കടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ