ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ അവരുടെ എക്കാലത്തെയും മികച്ച സമയങ്ങളിലൂടെ നയിക്കുകയാണ് ക്യാപ്റ്റൻ ജോ റൂട്ട്. സെഞ്ചുറികളും ഇരട്ട സെഞ്ചുറികളുമൊക്കെയായി ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന റൂട്ട്, എന്നാൽ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നിന്ന് പിന്മാറിയത് ഏവരെയും ഞെട്ടിച്ചു. ലേലത്തിലുണ്ടായിരുന്നെങ്കിൽ വലിയ താരമൂല്യം ലഭിക്കേണ്ട കളിക്കാരിൽ ഒരാളായിരുന്നു ജോ റൂട്ട്.
അതേസമയം, ഐപിഎൽ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് റൂട്ട് വെളിപ്പെടുത്തി. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകാതിരുന്ന താരങ്ങളിലൊരാളാണ് ജോ റൂട്ട്. 2018 സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ റൂട്ട് ഉണ്ടായിരുന്നുവെങ്കിലും ഫ്രാഞ്ചൈസികൾ ഒന്നും തന്നെ റൂട്ടിൽ താൽപര്യം കാണിച്ചില്ല.
“എന്റെ കരിയറിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ, ഐപിഎൽ സീസണിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനപ്പുറം കുറച്ച് കൂടി പ്രതീക്ഷിക്കാം.” ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ റൂട്ട് പറഞ്ഞു, ലീഗിന്റെ ഭാഗമാകാനും അത് അനുഭവിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും റൂട്ട് പറഞ്ഞു.
ദേശീയ ടീമിന്റെ തിരക്കിട്ട മത്സരക്രമമാണ് താരത്തിന് ഐപിഎൽ മോഹങ്ങൾക്ക് തിരിച്ചടിയായത്. അടുത്ത വർഷം നടക്കുന്ന താരലേലത്തിലുണ്ടാകുമെന്നും റൂട്ട് സൂചന നൽകി.
ഈ വർഷം ഇംഗ്ലണ്ടിന് 17 ടെസ്റ്റ് മത്സരങ്ങൾ കളിക്കേണ്ടി വന്നു. ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് ഇംഗ്ലണ്ട് രണ്ട് ടെസ്റ്റുകൾ ശ്രീലങ്കയിൽ കളിച്ചു, നാലെണ്ണം അടങ്ങുന്ന പരമ്പര ഇന്ത്യയിൽ കളിക്കുന്നു. ഇംഗ്ലീഷ് വേനൽക്കാലത്ത് ടീം ഏഴ് ടെസ്റ്റുകൾ കൂടി കളിക്കും, രണ്ട് ന്യൂസിലൻഡിനെതിരെയും അഞ്ച് ഇന്ത്യക്കെതിരെയും.