അഹമ്മദാബാദ്: സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടാമത്തെ താരമാണ് അശ്വിൻ ഇപ്പോൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിനെക്കാൾ വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് അശ്വിൻ പറയുന്നു. താൻ ക്രിക്കറ്റ് താരമായത് അവിചാരിതമായാണെന്നും താരം പറഞ്ഞു.
“ഞാനൊരു ക്രിക്കറ്റ് താരമായത് ആകസ്‌മികമായാണ്. ഞാൻ വലിയൊരു ക്രിക്കറ്റ് പ്രേമിയായിരുന്നു. ഞാനിപ്പോൾ എന്റെ സ്വപ്‌നത്തിലാണ് ജീവിക്കുന്നത്. ഒരു ദിവസം ഇന്ത്യയുടെ ജഴ്‌സി അണിയുമെന്നും രാജ്യത്തിനായി കളിക്കുമെന്നും ഞാൻ ഒരിക്കലും കരുതിയിട്ടില്ല,” ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ സമയത്താണ് ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുന്നത് എത്ര ഭാഗ്യകരമാണെന്ന് താൻ തിരിച്ചറിഞ്ഞതെന്നും അശ്വിൻ പറഞ്ഞു.
Read Also: ഇന്ത്യൻ നായകനുപോലും പിടിച്ചുനിൽക്കാനായില്ല; കോഹ്‌ലിയുടെ നിലപാടിനെ വിമർശിച്ച് അലിസ്റ്റർ കുക്ക്
“ഓരോ തവണയും ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുകയും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്‌താൽ അതൊരു അനുഗ്രഹമായാണ് തോന്നാറുള്ളത്. ഐപിഎല്ലിന് ശേഷം ഞാൻ തിരിച്ചെത്തിയപ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിൽ കളിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അതാണ് ഞാൻ പറഞ്ഞത്, എല്ലാം ഒരു അനുഗ്രഹമാണെന്ന്,”
“ഞാൻ പഴയ കളികളുടെ വീഡിയോ ഫൂട്ടേജുകൾ കാണാറുണ്ട്. കളികളെ കുറിച്ചുള്ള ധാരണ ഒരുപരിധി വരെ ഉയരാൻ സഹായിച്ചത് അതാണ്. ലോക്ക്ഡൗൺ സമയത്ത് ഞാൻ പഴയ ക്രിക്കറ്റ് മത്സരങ്ങൾ ധാരാളം കണ്ടു. പ്രത്യേകിച്ച് അതിലൊന്ന് ചെപ്പോക്കിലെ സച്ചിന്റെ സെഞ്ചുറി വീഡിയോയാണ്,” അശ്വിൻ പറഞ്ഞു.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറിനെ പുറത്താക്കിയാണ് അശ്വിൻ 400 വിക്കറ്റുകൾ തികച്ചത്. ആ സമയത്ത് ആർച്ചർ ഡിആർഎസ് ആവശ്യപ്പെട്ടപ്പോഴാണ് തന്റെ 400-ാം വിക്കറ്റാണ് ഇതെന്ന് മനസിലാക്കിയതെന്നും അശ്വിൻ പറയുന്നു.