ബെംഗളൂരു: ഐപിഎൽ പത്താം സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സ്വതന്ത്ര വേദിയായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ജയിക്കുന്നവർക്ക് ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടാം. പരാജയപ്പെടുന്നവർക്ക് പുറത്തേക്കുള്ള വഴിയും തുറക്കും.

ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും അഞ്ച് തോൽവിയുമായി 17 പോയിന്റ് സ്വന്തമാക്കിയ ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും സ്ഥിരതയാർന്ന പ്രകടനമാണ് ഡേവിഡ് വാർണർ നയിക്കുന്ന ഹൈരാബാദ് ഈ സീസണിൽ പുറത്തെടുത്തത്. നായകനു പുറമെ ശിഖർ ധവാൻ, കെയ്ൻ വില്യംസൺ, യുവരാജ് സിങ് എന്നിവർ ബാറ്റിങ് നിരക്ക് കരുത്തേകുന്പോൾ ഭുവനേശ്വർ കുമാറും മുഹമ്മദ് റാഷിദും ബോളിങ് നിരയിലും ശക്തി തെളിയിക്കുന്നു. നിലവിലെ ചാംപ്യന്മാരായ ഹൈരാബാദിന് കൊൽക്കത്ത ശക്തരായ എതിരാളികൾ തന്നെയാകും.

അതേസമയം, നായകൻ ഗൗതം ഗംഭീർ തന്നെയാണ് കൊൽക്കത്തയുടെ കരുത്ത്. ഗംഭീറിന് പുറമേ റോബിൽ ഉത്തപ്പയും മനീഷ് പാണ്ഡെയും ക്രിസ്ലിനും സുനിൽ നരെയ്നും മത്സര ഗതി അനുകൂലമാക്കുന്ന പ്രകടനം പുറത്തെടുത്തിട്ടുള്ളവരാണ്. എന്നാൽ യൂസഫ് പത്താന്റെയും സൂര്യകുമാർ യാദവിന്രെയും സ്ഥിരതയില്ലായ്മ ഗംഭീറിന് ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നത്. ഉമേഷ് യാദവും, ക്രിസ് വോക്സും കുൽദീപ് യാദവും പന്ത് കൊണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്.

എന്തായാലും നിലവിലെ ചാംപ്യന്മാരും രണ്ട് തവണ കിരീടം നേടിയവരും തമ്മിലുള്ള നിലനിൽപ്പിന്റെ പോരാട്ടം തീപാറുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ