ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മധ്യ നിര ബാറ്റ്സ്മാനായ അമ്പാട്ടി റായിഡു ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയത്. യോ-യോ ടെസ്റ്റ് പരാജയപ്പെട്ട റായിഡു ഇക്കഴിഞ്ഞ ഏഷ്യ കപ്പിലാണ് വീണ്ടും ഇന്ത്യൻ ജെഴ്സിയണിഞ്ഞത്. കോഹ്‍ലി ഇല്ലാതെയിറങ്ങിയ ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച റായിഡു പക്ഷെ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഹൈദരാബാദ് ക്യാപ്റ്റൻ കൂടിയായ റായിഡുവിന്റെ പിന്മാറ്റത്തിനെതിരെ നടപടിക്കൊരുങ്ങുകയാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ.

ഏഷ്യ കപ്പ് അവസാനിച്ചിട്ട് ഒരുപാട് ദിവസങ്ങൾ ആയെങ്കിലും ടീമിനൊപ്പം ചേരാനോ അസോസിയേഷനുമായി ബന്ധപ്പെടാനോ റായിഡു തയ്യാറായിട്ടില്ല. ഏഷ്യ കപ്പ് ആരംഭിക്കുന്നതിന് മുമ്പുതന്നെ റായിഡുവിനെ എല്ലാ ഫോർമാറ്റുകളിലും ഹൈദരാബാദ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏഷ്യ കപ്പ് വിജയിച്ച് നാട്ടിൽ മടങ്ങിയെത്തിയിട്ട് ഇതുവരെ താരം അസോസിയേഷനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ഷെ നാരായൻ ആരോപിച്ചു.

” ഹൈദരാബാദ് ടീമുമായി ഇതുവരെ അമ്പാട്ടി റായിഡു ബന്ധപ്പെട്ടിട്ടില്ല. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ റായിഡുവിനെ ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നതുമാണ്. എന്നാൽ വ്യക്തമായ കാരണം പോലുമില്ലാതെ അദ്ദേഹം ടീമിൽ നിന്ന് മാറി നിൽക്കുകയാണ് “, ഷെ നാരായൻ പറഞ്ഞു.

ലിസ്റ്റ് എ ക്രിക്കറ്റിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ടൂർണ്ണമെന്റുകളിൽ ഒന്നായ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള താരത്തിന്റെ തീരുമാനം ഏവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ അമ്പാട്ടി റായിഡുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വാർത്തകളുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ