മലയാളികളുടെ ഇടയിൽ മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള വിദേശ താരമാണ് ഇയാൻ ഹ്യൂമെന്ന ഹ്യൂമേട്ടൻ. ആദ്യ സീസണിൽ തന്നെ മഞ്ഞ കുപ്പായത്തിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഹ്യൂം രണ്ടാം സീസണിൽ കൊൽക്കത്തയിലേക്ക് കൂടുമാറി. കഴിഞ്ഞ സീസണിലാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ പുതിയ സീസണിൽ ഹ്യൂം ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. പൂനെ സിറ്റിക്ക് വേണ്ടിയാകും ഇത്തവണ ഹ്യൂം ബൂട്ടണിയുക. എന്ത്കൊണ്ടാണ് പൂനെ തിരഞ്ഞെടുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം തന്നെയിപ്പോൾ.
കഴിഞ്ഞ സീസണിലേറ്റ പരിക്ക് തന്നെയാണ് പൂനെയിലെത്താൻ കാരണമെന്നാണ് താരം പറയുന്നത്. ഹ്യൂമിന്റെ വാക്കുകൾ ഇങ്ങനെ- ” പല ക്ലബ്ബുകളും ഓഫറുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ പൂനെ മാത്രമാണ് എന്റെ ചികിത്സയും ഏറ്റെടുത്തത്. പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായ ശേഷം കളിച്ചാൽ മതിയെന്നതും അവരുടെ ഓഫറിന്റെ ഭാഗമായിരുന്നു. അതിനാലാണ് പൂനെ തിരഞ്ഞെടുത്തത്.”
തനിക്ക് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ ടീം കൂടെയുണ്ടെന്നും, എത്രയും വേഗം തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഹ്യൂം പറഞ്ഞു. പരിചയ സമ്പത്തും യുവത്വവും ടീമിന്റെ മുതൽ കൂട്ടാണെന്നും, ഫൈനൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഹ്യൂം കൂട്ടിച്ചർത്തു. ഗോവയിൽ പരീശീലനത്തിലാണ് പൂനെയിപ്പോൾ.
ടീം വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരെകുറിച്ച് പറയാൻ ഹ്യൂം പ്രത്യേക താത്പര്യം കാണിച്ചു. ” ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്നുമൊരു അത്ഭുതമാണ്. സ്വന്തം ടീമിന് പിന്തുണയുമായി അവർ എവിടെയുമെത്തും. ബ്ലാസ്റ്റേഴ്സിനെതിരെ അവരുടെ തട്ടകത്തിൽ പൂനെക്കായി കളിക്കുന്നത് മനസ്സിന് ബുദ്ധിമുട്ടുള്ള കാര്യമാണ് .” ഹ്യൂം പറഞ്ഞവസാനിപ്പിച്ചു.