കാഠ്മണ്ഡുവില്‍ നടന്നുകൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ പാക് വനിത ഫുട്‌ബോള്‍ ടീം താരങ്ങള്‍ ഷോര്‍ട്ട്‌സ് ധരിച്ചതിനെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ ലേഖകന് രൂക്ഷവിമര്‍ശനം. കാഠ്മണ്ഡുവില്‍ നടന്നുകൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍ ഏഴ് ഗോളിന് മാലിദ്വീപിനെ തോല്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ലേഖകന്‍ താരങ്ങളുടെ ജെഴ്‌സിയില്‍ എതിര്‍പ്പ് അറിയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു അന്താരാഷ്ട്ര ഇവന്റില്‍ പങ്കെടുത്ത് പാക് ടീമിനെ സംബന്ധിച്ച് എട്ട് വര്‍ഷത്തിനിടെയുള്ള ചാമ്പ്യന്‍ഷിപ്പിലെ ആദ്യ വിജയമാണിത്, എന്നാല്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ ടീമിന്റെ വിജയത്തിന് പകരം താരങ്ങളുടെ കിറ്റുകളെ വിമര്‍ശിക്കുകയായിരുന്നു.
‘ഞങ്ങള്‍ ഒരു ഇസ്ലാമിക രാജ്യമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനില്‍ പെട്ടവരാണെന്ന് നിങ്ങള്‍ക്കറിയാം, എന്തുകൊണ്ടാണ് ഈ പെണ്‍കുട്ടികള്‍ ലെഗ്ഗിംഗ്സ് ധരിക്കാതെ ഷോര്‍ട്ട്സ് ധരിക്കുന്നത് എന്ന് ചോദിക്കാന്‍ ആഗ്രഹിക്കുന്നു’ മത്സരശേഷം പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ടര്‍ ടീമിന്റെ മാനേജരോടും മറ്റ് ഉദ്യോഗസ്ഥരോടും ഇത് ചോദിച്ചത് ഇങ്ങനെ ആയിരുന്നു.
ഏഴ് ഗോളുകളില്‍ നാലെണ്ണം നേടിയ ബ്രിട്ടീഷ്-പാകിസ്ഥാന്‍ ഫുട്‌ബോള്‍ താരം നാദിയ ഖാന്‍ പ്രശംസ നേടുമ്പോള്‍ ലേഖകന്‍ കളിക്കാരുടെ വസ്ത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അവരുടെ നേട്ടങ്ങളിലല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കായികരംഗത്ത് ഒരാള്‍ പുരോഗമനപരമായിരിക്കണമെന്നാണ് വിവാദത്തില്‍ ദേശീയ ടീം കോച്ച്, അഡീല്‍ റിസ്‌കി, പ്രതികരിച്ചത്. ”യൂണിഫോമിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ആരെയും തടയാന്‍ ശ്രമിച്ചിട്ടില്ല, ഇത് ഞങ്ങള്‍ നിയന്ത്രിക്കാത്ത കാര്യമാണ്,” അദ്ദേഹം വിശദീകരിച്ചു. റിപ്പോര്‍ട്ടറുടെ ചോദ്യത്തെ തുടര്‍ന്നുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു.
ടിവി അവതാരകനും ആര്‍ജെയുമായ അഷ്റഫ്, സ്‌ക്വാഷ് താരം നൂറേന ഷംസ് തുടങ്ങി നിരവധി പേര്‍ താരങ്ങളെ ശക്തമായി പിന്തുണച്ചും റിപ്പോര്‍ട്ടറുടെ ഇടുങ്ങിയ ചിന്താഗതിയെ വിമര്‍ശിച്ചും രംഗത്തെത്തി. താരങ്ങളെ ഷോര്‍ട്ട്‌സില്‍ കാണുന്നതില്‍ അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടെങ്കില്‍ അദ്ദേഹം ഇവന്റ് കവര്‍ ചെയ്യേണ്ടതില്ലെന്ന് റിപ്പോര്‍ട്ടറെ വിമര്‍ശിച്ചു മറ്റുചിലര്‍ രംഗത്തെത്തി.